ഒമാൻ സീറോ മലബാർ കൂട്ടായ്മ ഈസ്റ്റർ ആഘോഷം നടത്തി

01:42 AM Apr 25, 2018 | Deepika.com
മസ്കറ്റ്: ഒമാൻ സീറോ മലബാർ കൂട്ടായ്മ ഗാലാ ഹോളി സ്പിരിറ്റ് കത്തോലിക്കാ പള്ളിയിൽ ഈസ്റ്റർ ആഘോഷങ്ങൾ നടത്തി. സോഹാർ സെന്‍റ് അന്തോണീസ് പള്ളി സഹ വികാരി ഫാ.ജോർജ് ജോണ്‍ ഒഎഫ്എം കപ്പൂച്ചിൻ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്നു പാരീഷ് ഹാളിൽ നടന്ന ചടങ്ങുകൾ വികാരി ഫാ.ജോർജ് വടുക്കൂട്ട് ഒഎഫ്എം കപ്പൂച്ചിൻ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്‍റെ ഉയിർപ്പു തിരുനാൾ, തിരുനാളുകളുടെ തിരുനാളാണെന്ന് ഉയിർപ്പുദിന സന്ദേശത്തിൽ ഫാ.വടുക്കൂട്ട് പറഞ്ഞു. നമ്മുടെ വിശ്വാസത്തിന്‍റെ മൂല കേന്ദ്രം വിശുദ്ധ കുർബാനയാണ്. ഭൗതികമായ ആഘോഷങ്ങളേക്കാൾ ആത്മീയതക്ക് ഉൗന്നൽ നൽകുന്ന ആഘോഷങ്ങൾക്ക് ദേവാലയ അന്തരീക്ഷം പ്രയോജനപ്പെടുത്താൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

സീറോ മലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ സെന്‍റ് ചാവറ, സെന്‍റ് തോമസ് മേഖലാ കൂട്ടായ്മകളിലെ അംഗങ്ങളുടെ ഒരുമയോടെയുള്ള പ്രവർത്തനമാണ് പരിപാടികൾ വിജയിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡന്‍റ് ലൂയിസ് ചാക്കപ്പൻ, സെക്രട്ടറി റ്റിജി ജോണ്‍, ട്രഷറർ ജിജോ കടന്തോട് തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹ വിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം