ആസിഫക്ക് നീതി ലഭിക്കണം: ജിദ്ദ നവോദയ

10:41 PM Apr 23, 2018 | Deepika.com
ജിദ്ദ: കാശ്മീരിൽ ഹിന്ദു വർഗീയ വാദികൾ മൃഗീയമായി കൊലപ്പെടുത്തിയ ആസിഫ എന്ന കൊച്ചു പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവോദയ കുടുംബവേദിയും ബാലവേദിയും സംയുക്തമായി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി കണ്‍വീനർ മുസാഫർ പാണക്കാട് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കൊലപാതകികളായ വർഗീയ വാദികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ ഒത്താശയും ചെയ്യുന്ന നയമാണ് ജമ്മുകാശ്മീർ ഗവണ്‍മെന്‍റ് പിൻതുടരുന്നത്. കൊച്ചു ആസിഫക്ക് ഉണ്ടായ ദാരുണമായ അനുഭവം ലോകത്ത് വേറെ ഒരു കുട്ടിക്കും ഉണ്ടാവാതിരിക്കാൻ നാം ഓരോരുത്തരും ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രതികളെ രക്ഷിക്കുന്ന നയമാണ് വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി ഗവണ്‍മെന്‍റുകൾ സ്വീകരിക്കുന്നത് എന്നാണ് പ്രതിഷേധ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

കുടുംബവേദി കേന്ദ്ര കമ്മിറ്റി മെംബർമാരായ ഷഹീബ ബിലാൽ, ഡോ. ഇന്ദു ചന്ദ്ര എന്നിവരും സലീന മുസാഫർ (കലാ സാഹിതി), ലൈല സാക്കിർ (ഒഐസിസി ), സുഹ്റ ബഷീർ (പ്രാവാസി സാംസ്കാരിക വേദി) റെജിയ വീരാൻ (എഫ്ജി ഇന്‍റർനാഷനൽ സ്കൂൾ ) എന്നിവർ സംസാരിച്ചു.

ബാലവേദി കോഓർഡിനേറ്റർ റഫീക്ക് പത്തനാപുരത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വനിതാവേദി കണ്‍വീനർ ജുമൈല അബു സ്വാഗതവും സാവരിയ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ