ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 5 മരണം

10:33 PM Apr 23, 2018 | Deepika.com
ജിദ്ദ: മക്കയിൽ നിന്നും മദീനയിലേക്ക് പോകുന്ന ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് അഞ്ച് പേർ മരിക്കുകയും 20 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ സ്വദേശികളാണ് മരിച്ച 5 പേരും. ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസ് പൂർണമായും കത്തി നശിച്ചു.

മക്കയിലെ ഉംറ കർമങ്ങൾക്കുശേഷം ബദറിലേക്ക് സന്ദർശനത്തിനു പുറപ്പെട്ടതായിരുന്നു പാക്കിസ്ഥാൻ സ്വദേശികളായ തീർഥാടകർ.

മക്ക റോഡിനെയും യാന്പു ഹൈവയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയിൽ സാബിറിനടുത്തുവച്ചാണ് അപകടം. എതിർ ദിശയിൽ വന്ന ബസുമായി കൂട്ടിയിടിച്ച് ബസും ടാങ്കറും കത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് തീർഥാടകരെ പുറത്തെടുത്തത്. അഞ്ച് പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഖുലൈസ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. മരണ സംഖ്യ കൂടാനാണ് സാധ്യതയെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ