ഇല്ലിനോയ്സ്: സ്നേഹിച്ച യുവാവിനെ സ്വന്തമാക്കുന്നതിന് ഇയാളുടെ ഭാര്യയെ കൊല്ലാൻ ഡാർക്ക് വെബ് കന്പനിക്ക് 10,000 ഡോളറിന്റെ കൊട്ടേഷൻ നൽകിയ ഇല്ലിനോയ് ഡെസ്പ്ലെയ്ൻസിൽ നിന്നുള്ള ടീനാ ജോണ്‍സിനെ (31) പോലീസ് അറസ്റ്റു ചെയ്തു. കൊട്ടേഷൻ നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കുന്ന കന്പനിയാണ് ഡാർക്ക് വെബ്.
ഇല്ലിനോയ്സ് ഡ്യുപേജ് കൗണ്ടി പോലീസിന് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷണം നടക്കുന്നതിനിടയിലാണ് ഏപ്രിൽ 17ന് ചൊവ്വാഴ്ച ടീന നേരിട്ടു പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങിയത്. ഡ്യുപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്.
മെയ് വുഡ് ലൊയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ റജിസ്ട്രേർഡ് നഴ്സാണ് ടീനാ. ഇതേ ആശുപത്രിയിലെ അനസ്തേഷ്യോളജിയിൽ റസിഡൻസി പൂർത്തിയാക്കിയ ഡോക്ടറാണ് ഇരയുടെ ഭർത്താവ്. കോടതിയിൽ ഹാജരായ ടീനക്ക് 25,0000 ഡോളറിന്റെ ജാമ്യം ജഡ്ജി ജോർജ് ബേക്കലിസ് അനുവദിച്ചു. ജാമ്യ തുകയുടെ പത്തുശതമാനം അടച്ച് പാസ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 25 ന് കേസ് വാദം കേൾക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കാമുകന്റെ ഭാര്യയെ വധിക്കാൻ കൊട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ
10:39 PM Apr 19, 2018 | Deepika.com