തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള ’അണുകാവ്യം’ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുത്ത 101 അണുകവിതകൾ ചൊവ്വാഴ്ച വൈകിട്ട് ഏരീസ് പ്ലെക്സിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു.
ആശയം വേഗത്തിൽ വായനക്കാരുമായി സംവദിക്കാനും അവരെക്കൊണ്ടു പല തലത്തിൽ ചിന്തിപ്പിക്കുവാനും അണുകാവ്യത്തിന് കഴയും. കവിതയെ കൂടുതൽ ജനകീയമാക്കാനും ഇത് സഹായിക്കുമെന്ന് രാജ്യസഭ എംപിയും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളിൽ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയിൽ കൂടിയും സംഗീതം നൽകി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ സോഹൻ റോയ് അഭിപ്രായപ്പെട്ടു.
കവിതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിന് വേണ്ടി ഏരീസ് എസ്സ്റ്ററാഡോ പ്രത്യേകം തയ്യാറാക്കിയ ’പോയറ്റ് റോൾ’ എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഓഡിയോ, വിഡിയോ രൂപത്തിൽ കവിതകൾ ആസ്വദിക്കാൻ കഴിയുമെന്നതാണ് ആപ്ലിക്കേഷന്റെ സവിശേഷത.
കെ. എസ്. ശബരിനാഥൻ എംഎൽഎ, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, നോവലിസ്റ്റും കഥാകാരനുമായ പ്രഫ ജോർജ് ഓണക്കൂർ, ആർക്കിടെക്ട് ജി ശങ്കർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
മുൻനിര പ്രസാധകരായ ഡിസി ബുക്സാണ് അണുകാവ്യം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും. ഹ്രസ്വവും ചടുലവുമായ അവതരണമാണ് അണുകാവ്യത്തെ ശ്രദ്ധേയമാക്കുന്നത്.
സോഹൻ റോയിയുടെ "അണുകാവ്യം' പ്രകാശനം ചെയ്തു
06:39 PM Apr 19, 2018 | Deepika.com