ജോണ്‍ ആകശാല നിര്യാതനായി

02:52 PM Apr 16, 2018 | Deepika.com
ന്യൂയോര്‍ക്ക്: വ്യവസായ പ്രമുഖന്‍ ജോണ്‍ ആകശാല നിര്യാതനായി. പിറവം ആകശാലായില്‍ ചുമ്മാറിെന്റയും മറിയാമ്മയുടെയും അഞ്ചുമക്കളില്‍ ഒന്നാമനായ ജോണ്‍ ആകശാല ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ സെക്രട്ടറിയായിരിക്കെയാണ് 1979 ല്‍ അമേരിക്കയിലെത്തുന്നത്. വ്യവസായങ്ങള്‍ക്ക് വളക്കൂറുളള അമേരിക്കയില്‍ ബിസിനസ് രംഗത്തേക്കാണ് അദ്ദേഹം തിരിഞ്ഞത്. സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെ ക്രയവിക്രയങ്ങളിലൂടെ വളര്‍ന്ന ജോണ്‍ ആകശാലയുടെ ബിസിനസ് മുന്നേറ്റം രാജ്യാന്ത അതിര്‍ത്തികള്‍ ഭേദിക്കുന്നതാണ് പില്‍ക്കാലം കണ്ടത്. ചൈനയടക്കമുളള കിഴക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും വ്യാവസായിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്ത അദ്ദേഹം ഒരു ട്രാവലിംഗ് ബിസിനസ് മാഗ്‌നറ്റായി വളര്‍ച്ചയുടെ ആകാശാതിര്‍ത്തികള്‍ കണ്ടു.

1988 ല്‍ ന്യൂയോര്‍ക്കില്‍ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ആശീര്‍വാദത്തോടെയാണ് കെ സിസിഎന്‍എയ്ക്ക് തുടക്കമിട്ടെങ്കിലും അമേരിക്കയാകമാനം വേരോട്ടമുളള സംഘടനയായി വളരുന്നത് ജോണ്‍ ആകശാലയുടെ കാലത്താണ്. 1991 ല്‍ കെസിസിഎന്‍ ഭരണഘടന ഭേദഗതി ചെയ്ത് ഒരു അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കിയപ്പോള്‍ ജോണ്‍ ആകശാലയായിരുന്നു ചെയര്‍മാന്‍. ജോസ് കണിയാലി വൈസ് ചെയര്‍മാനും. പിറ്റേവര്‍ഷം 1992 ല്‍ ഷിക്കാഗോയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചു മൂന്നുവര്‍ഷത്തേക്ക് ജോണ്‍ ആകശാലയെ കെസിസിഎന്‍എ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജോസ് കണിയാലി ജനറല്‍ സെക്രട്ടറി.

എല്‍സിയാണ് ജോണ്‍ ആകശാലയുടെ ഭാര്യ. പരേതനായ ജെഫ്രി, ജിമ്മി എന്നിവരാണ് മക്കള്‍. ടിന്റവാണ് ജിമ്മിയുടെ ഭാര്യ. ഇവരിലൂടെ ഒരു ചെറുമകനുമുണ്ട് ജോണ്‍ ആകശാലക്ക്. റോക്‌ലന്‍ഡിലെ ക്‌നാനായ കാത്തലിക് സെന്ററില്‍ ഏപ്രില്‍ 18-നു ബുധനാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ വേക്ക് സര്‍വീസ്. പിറ്റേന്നു സംസ്‌കാരം.

റിപ്പോര്‍ട്ട്: ടാജ് മാത്യു