ദമാം: വെസ്കോസ മലയാളി അസോസിയേഷന്റെ 11-ാം വാർഷികാഘോഷം വിപുലമായ കലാ കായിക മത്സരങ്ങളോടെ മാർച്ച് 16ന് അനകിലെ അൽ-ഒയാസിസ് ഫാം ഹൗസിൽ ആഘോഷിക്കപ്പെട്ടു. രാവിലെ 9ന് സംഘടനയുടെ പ്രസിഡന്റ് സന്തോഷിന്റെ കിക്കോഫിലൂടെ കായിക മാമാങ്കത്തിന്റെ മൂന്നാം ഘട്ടത്തിന് തിരി തെളിഞ്ഞു.
കായിക മത്സരങ്ങൾക്കു മുന്നോടിയായി നടത്തപ്പെട്ട മാർച്ച്പാസ്റ്റും ഫ്ളോട്ടുകളും ശ്രദ്ധേയമായിരുന്നു. തുടർന്നു ഫുട്ബോൾ, വോളിബോൾ, നീന്തൽ, ബാസ്ക്കറ്റ് ബൗളിംഗ്, ഓട്ടം, വടംവലി തുടങ്ങിയ വിവിധയിനം കായിക മത്സരങ്ങൾ നടത്തപ്പെട്ടു. അത്യന്തം ആവേശകരമായ മത്സരങ്ങൾ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
സ്പോർട്സ് കണ്‍വീനർ ആസിഫ് ചുണ്ടേൽ കായിക മത്സരങ്ങൾ നിയന്ത്രിച്ചു. കൂടാതെ അംഗങ്ങൾക്കായി കഥാരചന, കവിതാ രചന എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ മത്സരങ്ങളിൽ 41 പോയിന്റോടെ ഇഐസി ഓവറോൾ ചാന്പ്യന്മാരായി. 31 പോയിന്റ് കരസ്ഥമാക്കിയ എസ്ബിയു റണ്ണേഴ്സ് അപ്പായി. വൈകുന്നേരം 4.30ന് കായിക മത്സരങ്ങൾക്ക് തിരശീല വീണു.
അമ്മാർ ബിൻ ഹാഷിമിന്റെ പ്രാർത്ഥനയോടെ കലാ സന്ധ്യക്ക് തുടക്കമായി. തുടർന്നു അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. സാംസ്കാരിക സമ്മേളനത്തിനു മുന്നോടിയായി അസോസിയേഷന്റെ മീഡിയവിംഗ് കണ്‍വീനർ യാസർ അറാഫത്ത് ഒരുക്കിയ സ്ലൈഡ് ഷോ വിശിഷ്ടാ അതിഥികൾക്ക് സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത രൂപം പകരാൻ സഹായിച്ചു. വൈകിട്ട് ഏഴിന് ആരംഭിച്ച സാംസാകരിക സമ്മേളനത്തിന് പ്രസിഡന്റ് സന്തോഷ് അധ്യക്ഷം വഹിച്ചു. ജനറൽ കണ്‍വീനർ ഹാഷിം യൂനസ് സ്വാഗതം അരുളി. ഇറാം ഗ്രൂപ്പിന്റെ സിഇഒ അബ്ദുൽ റസാഖ് 11-ാം വാർഷികാഘോഷം ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു.
കിഴക്കൻ പ്രവശ്യയിലെ സാംസ്കാരിക പ്രവർത്തകനായ സാജിദ് ആറാട്ട്പുഴ മുഖ്യപ്രഭാഷണം നടത്തി. രണ്ടാം ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ടീമുകൾക്കുള്ള ട്രോഫികൾ അബ്ദുൽ റസാഖ് വിതരണം ചെയ്തു. ദമാം-ഖോബാർ മേഖലയിലെ രാഷ്ട്രീയ പ്രമുഖരായ അസീം വെഞ്ഞാറുമൂട്, ഇ.കെ.സലീം, ഇറാം ഐ.റ്റി.മാനേജർ റാഷിദ് ഉമർ, ഇഐസി പ്രതിനിധി ഗിയാസ് ഏലിയാസ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഉഷ ബാലകൃഷ്ണൻ നൗഷാദ് തോട്ടപ്പള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് സന്തോഷ്, ജന. സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡന്റ് ഷാജികുമാർ ജോയിന്റ് സെക്രട്ടറി യാസർ അറഫാത്ത് പൊന്നാടയും മെമന്േറായും നൽകി. ജനറൽ സെക്രട്ടറി രാജേഷിന്റെ നന്ദി പ്രാകാശനത്തോടെ സാംസ്കാരിക സമ്മേളനത്തിന് വിരാമമായി. കിഴക്കൻ പ്രവശ്യയിലെ മികച്ച കലാപ്രതിഭകൾ പങ്കെടുത്ത കലാ വിരുന്ന് സദസിന് ഒരു നവ്യാനുഭവമായിരുന്നു. കുട്ടികളുടെ നൃത്ത-നൃത്യങ്ങൾ മികച്ച നിലവാരം പുലർത്തി. കലാപരിപാടികൾ കാണികൾ കരഘോഷത്തോടെ സ്വീകരിച്ചു. ഗ്രൂപ്പ് ചാന്പ്യന്മാർക്കുള്ള ട്രോഫി ഇഐസി ക്യാപ്ടൻ വിനോദും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി എസ്ബിയു ക്യാപ്ടൻ സുരേഷും സാജിദ് ആറാട്ടുപുഴയിൽ നിന്നും ഏറ്റു വാങ്ങി. തുടർന്ന് എല്ലാ കലാകാരന്മാർക്കും കായിക താരങ്ങൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
വെസ്കോസ മലയാളി അസോസിയേഷൻ പതിനൊന്നാം വാർഷികം ആഘോഷിച്ചു
11:28 PM Mar 21, 2018 | Deepika.com