സാൻഫ്രാൻസിസ്കോ: യൂബറിന്റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനം ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. യുഎസ് സംസ്ഥാനമായ അരിസോണയിലെ ടെംപെയിലാണ് അപകടം. സ്വയം നിയന്ത്രിത വാഹനം അപകടത്തിൽപ്പെട്ട് ആദ്യമായാണ് ഒരാൾ മരിക്കുന്നത്.
റോഡ് മുറിച്ചുകടക്കവെയാണ് സ്ത്രീ വാഹനമിടിച്ചു മരിച്ചതെന്ന് ടെംപെ പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. മരിച്ച സ്ത്രീയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സ്വയം നിയന്ത്രിത മോഡിൽ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്പോൾ വാഹനത്തിൽ ഡ്രൈവറുണ്ടായിരുന്നു. മറ്റു യാത്രക്കാരുണ്ടായിരുന്നില്ല.
അപകടത്തെ തുടർന്ന് യൂബർ സ്വയംനിയന്ത്രിത വാഹന പരീക്ഷണ പദ്ധതികൾ താത്കാലികമായി നിർത്തിവച്ചു. ടൊറന്റോ, സാൻഫ്രാൻസിസ്കോ, പിറ്റ്സ്ബർഗ്, ടെംപെ എന്നിവിടങ്ങളിലെ പരീക്ഷണമാണ് നിർത്തിവച്ചത്.
ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിൽ ഓടാൻ അനുമതി നൽകിയിട്ടുള്ള സംസ്ഥാനമാണ് അരിസോണയെന്നു ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
യൂബറിന്റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനം ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
04:52 PM Mar 20, 2018 | Deepika.com