കുവൈത്ത് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ മെഗാ സാംസ്കാരിക സദസ് 'തരംഗം2018' മെയ് 11 ന് ഖാൽദിയ കുവൈത്ത് യൂണിവേഴ്സിറ്റി തീയറ്ററിൽ വച്ചു നടക്കും. കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം പരിപാടിയിൽ ശ്രദ്ധേയമാക്കും.
കഴിഞ്ഞ 27 വർഷമായി കല കുവൈത്ത് നടത്തിവരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ മാതൃഭാഷ പഠന പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതേ വേദിയിൽ നിർവ്വഹിക്കപ്പെടും. കുവൈത്ത് മലയാളികൾക്കിടയിൽ കാർഷിക അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ കല കുവൈത്ത് നടത്തിവരുന്ന 'എൻറെ കൃഷി' മത്സര വിജയികൾക്കുള്ള സമ്മാനദാനവും, മെയ് 5ന് നടക്കുന്ന ബാലകലാമേളയിലെ കലാപ്രതിഭ, കലാതിലകം എന്നിവ നേടുന്നവർക്കുള്ള സ്വർണമെഡലുകളും മെഗാ പരിപാടിയിൽ വിതരണം ചെയ്യും.
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാർ, പ്രശസ്ത ഗായകരായ പ്രദീപ് സോമസുന്ദരൻ, വിജേഷ് ഗോപാൽ എന്നിവർ നയിക്കുന്ന ഗാനമേളയും മെഗാപരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നാൽപതാം വർഷം 40 വ്യത്യസ്ത പരിപാടികളാണ് കല കുവൈത്ത് ഈ വർഷം ലക്ഷ്യംവയ്ക്കുന്നത്. ഇതിന്റെ സുഗമമായ നടത്തിപ്പിനായ് ടി.വി. ഹിക്മത് ചെയർമാനും ജെ. സജി ജനറൽ കണ്വീനറുമായുള്ള 250 പേരടങ്ങുന്ന നാൽപതാം വാർഷിക സ്വാഗതസംഘം രൂപീകരിച്ചതായി കല കുവൈത്ത് പ്രസിഡന്റ് ആർ.നാഗനാഥൻ, ജന: സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കല കുവൈത്ത് നാൽപതാം വാർഷികം മെയ് 11ന്; മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് മുഖ്യാതിഥി
11:21 PM Mar 15, 2018 | Deepika.com