ജിദ്ദ: അനാഥർകർക്ക് കൈതാങ്ങുന്ന മലപ്പുറം ജില്ലാ കെഎംസിസി യുടെ കുടുംബ സുരക്ഷാ പദ്ധതി പതിനേഴാം വർഷത്തിലേക്ക് കടക്കുന്നു. പ്രവാസി സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് മാതൃകയും അഭിമാനവുമായ സുരക്ഷ പദ്ധതിയുടെ ഗൾഫ് ലോകത്തെ തുടക്കക്കാരാണ് ജിദ്ദയിലെ മലപ്പുറം ജില്ല കെഎംസിസി. എല്ലാ വർഷവും കൂടുതൽ ആളുകളിലേക്ക് ഈ പദ്ധതിയുടെ ഗുണഫലങ്ങൾ എത്തിക്കുക എന്ന നിലയിൽ ഈ കൊല്ലവും വിപുലമായ പരിഷ്ക്കരണങ്ങളോടെയും ആനുകൂല്യങ്ങൾ വർധിപ്പിച്ചുമാണ് പദ്ധതി ആരംഭിക്കുന്നത്.
കഴിഞ്ഞ കാലയളവിൽ രണ്ടുലക്ഷം സാന്പത്തിക ആനുകൂല്യമായി നൽകിയിരുന്നതെങ്കിൽ ഈ കൊല്ലം മുതൽ പദ്ധതിയിൽ അംഗമായവർ മരണപ്പെട്ടാൽ അനാഥമാകുന്നവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയാണ് സാന്പത്തിക ആനുകൂല്യമായി നൽകുന്നത്. കൂടാതെ മാരകമായ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് മുപ്പതിനായിരം രൂപയോളം ചികിത്സ ആനൂകൂല്യവും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
ഒരു വർഷത്തേക്ക് 50 റിയാൽ മാത്രം ഫീസ് നൽകിയാണ് ഈ പദ്ധതിയിൽ അംഗത്വമെടുക്കേണ്ടത്. പദ്ധതിയിൽ അംഗമായിരിക്കെ ഒരാൾ മരണമടഞ്ഞാൽ 500,000 (അഞ്ചു ലക്ഷം) ഇന്ത്യൻ രൂപ മരണപ്പെടുന്ന വ്യക്തിയുടെ അനന്തരാവകാശികൾക്ക് സാന്പത്തിക ആനുകൂല്യമായും, കാൻസർ, ഹൃദയസർജറി (ബൈപാസ്), വൃക്കമാറ്റിവെക്കൽ, ഡയാലിസിസ് തുടങ്ങി മാരകമായ രോഗങ്ങൾക്കടിമപ്പെടുന്ന മെന്പർമാർക്ക് ചികിത്സാ ആനുകൂല്യമായി 30,000 (മുപ്പതിനായിരം) ഇന്ത്യൻ രൂപയും നൽകുന്നതാണ്.
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ചെയർമാനായ മലപ്പുറം ജില്ലാ കെഎംസിസി ഫാമിലി വെൽഫയർ ട്രസ്റ്റിന്ന് കീഴിലാണ് ഈ പദ്ധതിയുടെ ഫണ്ട് സൂക്ഷിക്കപ്പെടുന്നത്. ജിദ്ദ മലപ്പുറം ജില്ലാ കഐംസിസി ഭാരവാഹികളായ ഗഫൂർ പട്ടിക്കാട് ചെയർമാനും ലത്തീഫ് മുസ്ലിയാരങ്ങാടി ജനറൽ കണ്‍വീനറും നാസർ മച്ചിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് ചാപ്പനങ്ങാടി എന്നിവർ ജോയിന്റ് കണ്‍വീനർമാരുമായ സബ്കമ്മിറ്റിയാണ് ഈ പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.
മുസ്ലിം ലീഗ് മലപ്പുറം ജില്ല അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിഷ്ക്കരിച്ച പുതിയ സുരക്ഷ പദ്ധതിയുടെ പ്രഖ്യാപനം നടത്തി സംസാരിച്ചു. സീസണ്‍സ് റസ്റ്റാറന്റിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ല കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഗഫൂർ പട്ടിക്കാട് അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാരവാഹികളായ സയ്യിദ് ഉബൈദുള്ള തങ്ങൾ, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.സി.എ റഹ്മാൻ, നാസർ മച്ചിങ്ങൽ, ബേബി നീലേന്പ്ര, മജീദ് പൊന്നാനി, അബൂബക്കർ അരീക്കോട്, ഇല്യാസ് കല്ലിങ്ങൽ, മജീദ് അരിന്പ്ര എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
മലപ്പുറം ജില്ലാ കെഎംസിസി കുടുംബസുരക്ഷ പതിനേഴാം വർഷത്തിലേക്ക്
11:08 PM Mar 14, 2018 | Deepika.com