വധശിക്ഷ നടപ്പാക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ ശിക്ഷ ഇളവു ചെയ്യാൻ ഉത്തരവ്

11:25 PM Feb 23, 2018 | Deepika.com
ടെക്സസ്: വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഡെത്ത് ചേംബറിലേക്ക് പ്രവേശിപ്പിക്കുന്നതിന് 40 മിനിട്ടു മുന്പ് വധശിക്ഷ ഇളവ് ചെയ്തു കൊണ്ടു ടെക്സസ് ഗവർണറുടെ ഉത്തരവ്. വ്യാഴാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. 2003 ൽ മാതാവിനെയും സഹോദരനെയും വധിക്കാൻ പദ്ധതി ആസൂത്രണം ചെയ്തതിനാണ് തോമസ് വിറ്റേക്കറിനെ (38) വധശിക്ഷയ്ക്കു വിധിച്ചത്. വെടിവയ്പിൽ മാതാവും സഹോദരനും മരിക്കുകയും പിതാവ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. തന്‍റെ പ്രിയപ്പെട്ടവരെല്ലാം മരിച്ചു. മകന് വധശിക്ഷ വിധിച്ചാൽ താൻ ഏകനാകും. മകനു മാപ്പു നൽകണമെന്ന പിതാവിന്‍റെ അഭ്യർഥന പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. വധശിക്ഷ ഒഴിവാക്കിയെങ്കിലും ജീവപര്യന്തം പരോൾ പോലും നൽകാതെ ജയിലിൽ കഴിയാനാണ് വിധി.

യഥാർഥത്തിൽ ഇവർക്കുനേരെ വെടിവച്ച പ്രതിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കി ഗൂഡാലോചന നടത്തിയ മകൻ തോമസിന് വധശിക്ഷ നൽകിയത് പരോൾ ബോർഡ് ചൂണ്ടിക്കാണിച്ചിരുന്നു. ഗവർണർ പദവി ഏറ്റെടുത്തു മൂന്നു വർഷത്തിനുള്ളിൽ തനിക്കു ലഭിച്ച 30 അപേക്ഷകളും നിരസിച്ചു വധശിക്ഷക്ക് അംഗീകാരം നൽകിയ ഗവർണർ ആദ്യമായാണ് വധശിക്ഷ ഒഴിവാക്കി ഉത്തരവിട്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ