തോക്ക് നിയന്ത്രണമാവശ്യപ്പെട്ടു വൈറ്റ് ഹൗസിനു മുന്പിൽ പ്രതിഷേധ പ്രകടനം

10:54 PM Feb 21, 2018 | Deepika.com
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ ഗണ്‍വയലൻസ് വർധിക്കുകയും സ്കൂളുകളിൽ വെടിവയ്പു സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗണ്‍ കണ്‍ട്രോൾ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥികൾ വൈറ്റ് ഹൗസിനു മുന്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഫെബ്രുവരി 19ന് നടത്തിയ സമരത്തിൽ നൂറു കണക്കിനു വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

ഫ്ളോറിഡ പാർക്ക് ലാന്‍റ് സ്കൂൾ വെടിവയ്പിൽ 17 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നു തോക്ക് നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന മുറവിളി രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നും ഉയരുന്നതിനിടെയാണ് വിദ്യാർഥികളും അധ്യാപകരും വൈറ്റ് ഹൗസിനു മുന്പിൽ ധർണ നടത്തിയത്.

കൈകൾ നെഞ്ചോടു ചേർത്ത് പിടിച്ചു, അമേരിക്കൻ പതാക പുതച്ചും അടുത്തതാര് ? എന്ന പ്ലാക്കാർഡുകൾ പിടിച്ചുമാണു സമരക്കാർ ധർണയിൽ പങ്കെടുത്തത്.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രദ്ധ ക്ഷണിക്കാനാണ് ധർണ നടത്തിയതെങ്കിലും വെടിവയ്പു നടന്ന ഫ്ളോറിഡാ സ്കൂളിന് ഏകദേശം 40 മൈലൽ ദൂരത്തിലുള്ള ഗോൾഫ് ക്ലബിലായിരുന്നു ട്രംപ്. ഗണ്‍ കണ്‍ട്രോൾ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഡോണൾഡ് ട്രംപ് തയാറായതിനെ സമരത്തിൽ പങ്കെടുത്തവർ സ്വാഗതം ചെയ്തു.

ഒരു കൂട്ടം ചെറുപ്പക്കാർ ഫെയ്സ്ബുക്കിലൂടെയാണ് ധർണ സംഘടിപ്പിക്കുന്നതിനുള്ള സന്ദേശം നൽകിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ