കുവൈത്ത് പൊതുമാപ്പ് : ഏപ്രിൽ 22 വരെ നീട്ടി

12:52 AM Feb 21, 2018 | Deepika.com
കുവൈത്ത് സിറ്റി : സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി ഏപ്രിൽ 22 വരെ നീട്ടിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ ഒരു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് തീരുവാൻ മൂന്നു ദിവസം ബാക്കി നിൽക്കെയാണ് ഏപ്രിൽ 22 വരെ ഇപ്പോൾ നീട്ടിയിരിക്കുന്നത്.

രാജ്യത്ത് ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാരുണ്ടെന്നാണ് സർക്കാർ കണക്ക്. അതിൽ ഇതുവരെയായി 30,000 പേർ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയിട്ടുള്ളത്. 37,000 ത്തോളം വരുന്ന അനധികൃത ഇന്ത്യൻ തമാസക്കാരിൽ 10,000 പേർ മാത്രമാണ് ഇതുവരെയായി പൊതുമാപ്പിന്‍റെ സൗകര്യം ഉപയോഗിച്ചത്.

വർഷങ്ങൾക്കുശേഷം പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലയളവ് നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി രാജ്യങ്ങളുടെ എംബസികൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നതിനെ തുടർന്നാണ് പൊതുമാപ്പ് നീട്ടിയതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്തു.

അതിനിടെ അനധികൃതമായി രാജ്യത്ത് വസിക്കുന്ന എല്ലാവരും പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇത്തരത്തിൽ പോകുന്നവർക്ക് നിയമപരമായി ഭാവിയിൽ തിരിച്ചു വരുന്നതിനോ ജോലി ചെയ്യുന്നതിനോ യാതൊരു തടസവുമില്ലെന്നും കരിന്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ