ജബാർ ഉസ്താദിന് സഫാമക്കാ ഗ്രൂപ്പിന്‍റെ പുരസ്കാരം

12:21 AM Feb 20, 2018 | Deepika.com
റിയാദ്: അഡാർ ലവ് എന്ന മലയാള സിനിമയിലൂടെ പ്രശസ്തിയിലേക്ക് കുതിച്ചു കയറിയ "മാണിക്യ മലരായ പൂവി ' എന്ന മാപ്പിളപ്പാട്ടിന്‍റെ രചയിതാവും റിയാദിലെ പ്രവാസിയുമായ പി.എം.എ ജബാർ കരൂപ്പടന്നയ്ക്ക് സഫാമക്കാ ഗ്രൂപ്പ് പുരസ്കാരം സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.

റിയാദ് മലസിലെ ഒരു സ്റ്റേഷനറി കടയിൽ ജോലി ചെയ്യുന്ന ജബാർ, നാല്പത് വർഷം മുൻപ് നാട്ടിൽ മദ്രസാധ്യാപകനായി ജോലി നോക്കുന്പോഴാണ് ഈ ഗാനം രചിക്കുന്നത്. അന്നു മുതൽ പലരും ഈ ഗാനം റേഡിയോയിലും സ്റ്റേജ് പ്രോഗ്രാമുകളിലും മറ്റും പാടി ഹിറ്റാക്കി. എന്നാൽ പി.എം.എ ജബാർ എന്ന ഗാനരചിയിതാവിന് അതുകൊണ്ട് ഗുണമൊന്നുമുണ്ടായിരുന്നില്ല. പതിറ്റാണ്ടുകൾക്കുശേഷവും തന്‍റെ ഗാനം കൂടുതൽ പ്രശസ്തിയിലേക്കുയർന്നെങ്കിലും പാവപ്പെട്ട കുടുംബത്തിന്‍റെ അത്താണിയായ ജബാറിന് ഗണുമൊന്നുമുണ്ടായില്ല. അതുകൊണ്ടു കൂടിയാണ് സഫമക്കാ ഗ്രൂപ്പ് അദ്ദേഹത്തെ ആദരിക്കാൻ തീരുമാനമെടുത്തതെന്ന് മാനേജിംഗ് ഡയറക്ടർ ഷാജി അരിപ്ര അറിയിച്ചു.

പതിനഞ്ച് വർഷത്തോളം റിയാദിലുണ്ടായിട്ടും ജീവിതത്തിൽ 500 ൽ അധികം പാട്ടുകളെഴുതിയിട്ടുള്ള പി.എം.എ ജബാറിന് വേണ്ടവിധത്തിലുള്ള അംഗീകാരം നൽകാൻ ഇവിടെയുള്ള മലയാളി സമൂഹം തയാറായിട്ടില്ല എന്നതും വേദനാജനകമാണെന്ന് ഷാജി അരിപ്ര കൂട്ടിചേർത്തു.

തൃശൂർ കൊടുങ്ങല്ലൂരിനടുത്ത കരൂപ്പടന്ന സ്വദേശിയായ പി.എം.എ ജബാറിന് ഭാര്യആയിഷ ബീവിയും മക്കളായ അമീൻ മുഹമ്മദും റഫീദയും അടങ്ങുന്നതാണ് കുടുംബം. അനീഷാണ് മരുമകൻ.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ