ഓസ്റ്റിൻ സിറ്റി പേയ്ഡ് സിക്ക് ലീവ് പോളിസി നിയമമാക്കി

06:26 PM Feb 17, 2018 | Deepika.com
ടെക്സസ്: ഓസ്റ്റിൻ സിറ്റിയുടെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് നിർബന്ധിത പെയ്ഡ് സിക്ക് ലീവ് അനുവദിക്കണമെന്ന നിയമം ഓസ്റ്റിൻ സിറ്റി കൗണ്‍സിൽ പാസാക്കി. ഇതോടെ പെയ്ഡ് സിക്ക് ലീവ് പോളിസി ടെക്സ്സ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ആദ്യ സിറ്റി എന്ന ബഹുമതി ഓസ്റ്റിന് ലഭിച്ചു. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 500 ഡോളർ പിഴ ചുമത്തിയിട്ടുണ്ട്.

പുതിയ നിയമമനുസരിച്ച് മുപ്പതു മണിക്കൂർ ജോലി ചെയ്യുവർക്ക് ഒരു മണിക്കൂർ സിക്ക് ലീവ് ലഭിക്കും. ഇത് 64 മണിക്കൂർ വരെയാകാം. കുടുംബാംഗങ്ങളുടെ ആവശ്യത്തിന് സിക്ക് ലീവ് ഉപയോഗിക്കുകയോ അടുത്തവർഷത്തേക്ക് നീട്ടിവയ്ക്കുകയോ ചെയ്യാവുന്നതാണ്.

ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഇത് സഹായകമാകുമെന്ന് ബില്ല് അവതരിപ്പിച്ച കൗണ്‍സിൽ മെംബർ ഗ്രോഗ് കെയ്സർ വ്യക്തമാക്കി. 2018 ഒക്ടോബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും.

റിപ്പോർട്ട്: പി.പി. ചെറിയാൻ