ഷിക്കാഗോ: സോഷ്യൽ മീഡിയായിലെ തരംഗമായ ലോക മലയാളികളുടെ മനസിൽ നർമ്മത്തിന്റെ രസക്കൂട്ടുകൾ നിറച്ച വാഗ്മിയും കുടുംബ സദസുകൾക്ക് സ്വീകാര്യനുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ജൂണ്‍ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടക്കുന്ന ഫോമാ ഇന്റർനാഷണൽ കണ്‍വൻഷനിൽ സംവദിക്കാനെത്തുന്നു. ഷിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റർനാഷണൽ ഫാമിലി കണ്‍വൻഷനിൽ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പ്രഭാഷണത്തോടൊപ്പം നർമപ്രധാനവുമായ വാക്കുകളായിരിക്കും ’കാപ്പിപ്പൊടി അച്ചൻ’ എന്ന് നാം സ്നേഹാദരങ്ങളോടെ വിളിക്കുന്ന കപ്പൂച്ചിൻ സഭയിലെ ഈ ശ്രേഷ്ഠ വൈദികനിൽ നിന്നും കേൾക്കുക.
നമ്മുടെ ജൻമനാട്ടിലും മറുനാട്ടിലും ലോകകമെങ്ങും ഉള്ള മലയാളികളുടെ ഇഷ്ട യൂടൂബ് പ്രഭാഷകനുമാണ് അച്ചൻ. 56 കാരനായ അച്ചൻ ഇതിനോടകം അമേരിക്ക ഉൾപ്പെടെ 45 ലേറെ രാജ്യങ്ങൾ പലവട്ടം സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ പതിമൂന്ന് വർഷമായി അമേരിക്കൻ മലയാളികളെ സന്ദർശിച്ചു പോകുന്നു.
ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വലിയ തോവാളയിലെ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസഫ്അന്നമ്മ ദന്പതികളുടെ മകനായി ജനനം. ഏക ജ്യേഷ്ഠൻ കൃഷിയും കുടുംബകാര്യവും നോക്കി നാട്ടിലുണ്ട്. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമ ബിരുദമെടുത്ത അച്ചൻ സമയക്കുറവുമൂലം ഇപ്പോൾ കറുത്ത ഗൗണ്‍ അണിയുന്നില്ല. സ്ഥിരം ധരിക്കുന്നത് ധാർമികോദ്ബോധനത്തിന്റെ കാപ്പിപ്പൊടി നിറത്തിലുള്ള ളോഹ. കഴിയുന്നതും ഇദ്ദേഹം ചെരിപ്പ് ഉപയോഗിക്കറില്ല. കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രോവിൻസിന്റെ തലവനായി ഏതാനും വർഷം മുന്‍പ് നിയമിതനായി. കോട്ടയം നഗരത്തിൽ ചവിട്ടുവരിയിലുള്ള സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസാണ് കോട്ടയം പ്രോവിൻസിന്റെ ആസ്ഥാന മന്ദിരം.
1976ൽ എസ്എസ്എൽസി പാസായ അച്ചന് പ്രീഡിഗ്രിക്ക് പഠിക്കുന്പോൾ കോളേജ് രാഷ്ട്രീയം കലശലായി. കേരള കോണ്‍ഗ്രസിന്റെ കോളേജ് യൂണിയൻ ഭാരവാഹിയും ജില്ലാ പ്രതിനിധിയുമായിരുന്നു. ഗുജറാത്തിൽ കുറച്ചു കാലം താമസിച്ചു. 1980 ജൂണിൽ സഭയിൽ ചേർന്നു. 93ൽ പുരോഹിതനായി. ഇതിനിടയ്ക്കാണ് തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നും നിയമ ബിരുദം നേടിയത്.
ഫോമാ അന്താരാഷ്ട്ര കണ്വൻഷൻ വിത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാകുകയാണ്. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ: ഗോപിനാഥ് മുതുകാട് തുടങ്ങി സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പേർ ഈ കണ്‍വൻഷനിൽ പങ്കെടുക്കും.
വിത്യസ്തങ്ങളായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വൻഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.
ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.
റിപ്പോർട്ട് : വിനോദ് കൊണ്ടൂർ ഡേവിഡ്
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഫോമാ ഇന്റർനാഷണൽ കണ്‍വൻഷനിൽ
10:37 PM Feb 15, 2018 | Deepika.com