ന്യൂയോർക്ക്: വിവാഹം നടത്താൻ ആഡംബര റിസോർട്ടുകൾ തേടി പോവുന്നവരാണ് ഇന്നത്തെ തലമുറ. ഇവിടെ ഒരു വ്യത്യസ്ത വിവാഹമാണ് നടന്നത്. ഒരിടത്തും നടക്കാനിടയില്ലാത്തിടത്താണ്. അതെ, ശുചിമുറിയിൽ.
കഥയിങ്ങനെ- ബ്രയാനും മരിയ ഷൂൾസും പ്രണയബദ്ധരായിരുന്നു. അവരുടെ അനുരാഗം വിവാഹത്തിലെത്തിയെങ്കിലും സംഗതി കോടതി കയറി. വിവാഹം നടന്നതാവട്ടെ, കോടതി മുറിയിലെ ശുചിമുറിയിൽ.
കോടതിയിൽ വച്ചു വിവാഹിതരാവുന്നതിനു മുന്നോടിയായി ഇരുവരും സ്ഥലത്തെത്തിയെങ്കിലും ഷൂൾസിന്റെ അമ്മ സൂസന്നയ്ക്ക് പെട്ടെന്നു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാര്യങ്ങൾ തകിടം മറിച്ചു. സൂസന്നയെ ആശുപത്രിയിലാക്കാൻ ശ്രമിക്കുന്നതിനിടെ ബ്രയാനെ വിളിച്ചു വരുത്തി. ആ സമയത്ത് സൂസമ്മ കോടതിയുടെ പതിനാലാം നിലയിലെ സ്ത്രീകളുടെ ശുചിമുറിയിലായിരുന്നു. അവിടെ നിന്ന് ആംബുലൻസിൽ ആശുപത്രിയിലാക്കാനുള്ള ഒരുക്കം നടക്കുന്നതിനിടെ ഇരുവരും അമ്മയുടെ സാന്നിധ്യത്തിൽ വച്ചു തന്നെ വിവാഹമോതിരം കൈമാറി.
ശുചിമിറിയിൽ വിവാഹം കഴിക്കുന്നതിന്റെ അനൗചിത്യം മനസിലാക്കിയെങ്കിലും അമ്മയുടെ സാന്നിധ്യത്തിൽ നിശ്ചയിച്ച സമയത്തു തന്നെ വിവാഹം നടത്തുന്നതിനു വേണ്ടിയാണ് ഇതിനു തയ്യാറായതെന്നു പിന്നീട് ഷൂൾസ് പറഞ്ഞു. ഈ വിവാഹത്തിന് ഏകദേശം പതിനഞ്ചോളം പേർ സന്നിഹിതരാവുകയും ചെയ്തു. വിവാഹം നടക്കുന്നത് എവിടെയായാലെന്താ, ദാന്പത്യജീവിതമല്ലേ സുഖപ്രദം എന്നു പറഞ്ഞത് ബ്രയാന്റെയും ഷൂൾസിന്റെയും കാര്യത്തിൽ സത്യമായി.
റിപ്പോർട്ട്: ജോർജ് തുന്പയിൽ
പ്രണയജോഡികളുടെ വിവാഹം ഒടുവിൽ നടന്നത് കോടതിമുറിയിലെ ശുചിമുറിയിൽ !
06:35 PM Feb 14, 2018 | Deepika.com