കുവൈത്ത് സിറ്റി: മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം ഇന്ത്യൻ പാർലമെന്റിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്ത ഇ. അഹമ്മദ് സാഹിബിന്റെ വിയോഗത്തിന്റെ ഒന്നാം വാർഷികത്തിൽ കുവൈത്ത് കെഎംസിസി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. കുണ്ടൂർ മർക്കസ് പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ അബൂട്ടി മാസ്റ്റർ ശിവപുരം അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ താനെയിൽ നിന്നും ഐക്യ രാഷ്ട്ര സഭ വരെ എത്തിയ ലോക നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും, ഇന്ത്യൻ പാർലമെന്റിൽ ന്യുനപക്ഷങ്ങളുടെ അവകാശത്തിനു വേണ്ടിയും, വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയും പട പൊരുതിയ ഇ. അഹമ്മദിന്റെ മരണം ന്യുനപക്ഷങ്ങൾക്ക് തീരാ നഷ്ടമാണെന്നും അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ദീപിക ദിനപത്രം ഡൽഹി അസോസിയേറ്റ് ബ്യുറോ ചീഫ് ജോർജ് കള്ളിവയലിൽ ഇ. അഹമ്മദുമായി അദ്ദേഹത്തിനുള്ള അനുഭവങ്ങൾ പങ്കുവച്ചു. ശറഫുദ്ധീൻ കണ്ണേത്ത്, ബഷീർ ബാത്ത, മുഹമ്മദലി ഫൈസി (ഇസ്ലാമിക് കൗണ്സിൽ) സാമുവൽ ചാക്കോ (ഒഐസിസി) സംസാരിച്ചു. കുവൈത്ത് കഐംസിസി ഭാരവാഹികളായ എം.കെ അബ്ദുൽ റസാഖ്, അസീസ് വലിയകത്ത്, ഇസ്മായിൽ ബേവിഞ്ച, ഫാസിൽ കൊല്ലം, ടി.ടി മുഹമ്മദ് സലിം, ടി.വി അബ്ദുൽ അസീസ്, സൈനുദ്ധീൻ കടിഞ്ഞിമൂല, ഖാലിദ് അല്ലക്കാട്, എച്ച് ഇബ്രാഹിം കുട്ടി, സിദ്ദിഖ് വലിയകത്ത് സന്നിഹിതരായിരുന്നു. അബൂട്ടി മാസ്റ്റർക്കുള്ള ഉപഹാരം മുൻ പ്രസിഡന്റ് എ.കെ മഹമൂദ് കൈമാറി. മതകാര്യ വിംഗ് സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും സെക്രട്ടറി ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
10:57 PM Feb 13, 2018 | Deepika.com