ദുബായ്: പ്രശസ്തമായ അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആദ്യത്തെ വിദേശകേന്ദ്രം ദുബായിൽ സ്ഥാപിക്കുന്നതു സംബന്ധിച്ചു ഡോ. ബി.ആർ. ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിആർഎസ് വെഞ്ചേഴ്സുമായി ധാരണാപത്രം ഒപ്പിട്ടു.
മാനേജ്മന്റ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും പ്രഗത്ഭ ചരിത്രത്തിനുടമകളായ ഐഐഎമ്മിന്റെ അനുഭവസന്പത്തും പ്രാവീണ്യവും ഗൾഫ് മേഖലയിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രസ്തുതകേന്ദ്രം ഈ വരുന്ന ജൂണ്‍ മാസം തന്നെ പ്രവർത്തനം തുടങ്ങും. എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ കൂടാതെ ഓപ്പണ്‍ ലേണിംഗ് കോഴ്സുകളും നിർദ്ദേശാനുസരണം രൂപപ്പെടുത്തുന്ന പ്രത്യേക പരിശീലന പരിപാടികളും ഈ കേന്ദ്രത്തിൽ ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ വേൾഡ് ഗവണ്മെന്റ് ഉച്ചകോടിയിൽ ഒപ്പിട്ട ധാരണാപത്രമനുസരിച്ച് ബിആർഎസ് വെഞ്ചേഴ്സ് അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ ബന്ധങ്ങൾ, നടത്തിപ്പു സംവിധാനങ്ങൾ എന്നിവയും ഐഐഎം അഹമ്മദാബാദ് അക്കാദമിക സൗകര്യങ്ങളും കൈകാര്യം ചെയ്യും.
വിവിധതലങ്ങളിൽ സുദീർഘ പരിചയമുള്ള രണ്ടു സ്ഥാപനങ്ങളുടെ ഈ പങ്കാളിത്തം ഗൾഫ് മേഖലയിലെ മാനേജ്മന്റ് ട്രെയിനിംഗ് രംഗത്തും അക്കാദമിക വളർച്ചയിലും ഗുണഫലങ്ങളുണ്ടാക്കും. ഏകദേശം ആറ് ദശകങ്ങൾക്കു മുന്‍പ് അഹമ്മദാബാദിൽ ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഐഐഎമ്മിന്റെ എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാംസ്, കേസ് സ്റ്റഡി ശൈലിയിലുള്ള ഏറ്റവും ഫലപ്രദമായ അധ്യാപന രീതി കൊണ്ട് പ്രസിദ്ധമാണ്.
ഐഐഎമ്മിന്റെ പൂർവ വിദ്യാർത്ഥികൾ ധാരാളമുള്ള യുഎഇയിൽ, ദുബായിലെ ഈ പ്രത്യക്ഷ കേന്ദ്രം മാനേജ്മെന്റ് വിദ്യാഭ്യാസത്തിൽ പുതിയ നാഴികക്കല്ലാണെന്നും ലബ്ധപ്രതിഷ്ഠരായ ഡോ. ബി.ആർ ഷെട്ടിയും ബിആർഎസ് വെഞ്ച്വേഴ്സ് ഗൾഫ് മേഖലയിൽ തങ്ങൾക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളികളാണെന്നും ചടങ്ങിൽ ഐഐഎം ഡയറക്ടർ പ്രൊഫ. എറോൽ ഡിസൂസ അഭിപ്രായപ്പെട്ടു. തനിക്ക് എത്രയും പ്രിയപ്പെട്ട വിദ്യാഭ്യാസ രംഗത്ത് ഇങ്ങിനെയൊരു സംരംഭം തുടങ്ങുന്പോൾ, ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളിലൊന്നായ അഹമ്മദാബാദ് ഐഐഎമ്മുമായി കൈകോർക്കാനായതും ഗൾഫ് മേഖലയിലെ മാനേജ്മെന്റ് പഠന രംഗത്ത് ഉന്നതമായ ഒരിടം പിടിക്കാനാവുന്നതും അഭിമാനകരമാണെന്ന് ബിആർഎസ് വെഞ്ച്വേഴ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി സൂചിപ്പിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഐഐഎം അഹമ്മദാബാദ് ബിആർഎസ് വെഞ്ചേഴ്സുമായി ചേർന്ന് ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായിൽ ആരംഭിക്കുന്നു
10:15 PM Feb 12, 2018 | Deepika.com