അൽ കോബാർ: നവയുഗം സാംസ്കാരികവേദി കോബാർ മേഖല കമ്മിറ്റി ഏർപ്പെടുത്തിയ സഖാവ് കെ.സി. പിള്ള സ്മാരക സാഹിത്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥാ വിഭാഗത്തിൽ നജീം കൊച്ചുകലുങ്ക് എഴുതിയ 'അപ്പോൾ അവളൊരു ഉപ്പുശിലയായി' എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഷൈൻ. ടി. തങ്കൻ എഴുതിയ സൂസന്ന എന്ന ചെറുകഥയും, മൂന്നാം സ്ഥാനം ശിഹാബ് എ. ഹസൻ എഴുതിയ വൈറ്റില...വൈറ്റില എന്ന ചെറുകഥയും കരസ്ഥമാക്കി.
കവിത വിഭാഗത്തിൽ സോഫി ഷാജഹാൻ എഴുതിയ 'ഒറ്റമുറിവ്' എന്ന കവിത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സോണി ഡിത്ത് എഴുതിയ 'പരിവർത്തനങ്ങളുടെ വിചിത്രലിപികൾ' എന്ന കവിതയും, മൂന്നാം സ്ഥാനം രവി റാഫി എഴുതിയ 'താതൻ' എന്ന കവിതയും കരസ്ഥമാക്കി.
എഴുത്തുകാരനായ തന്പാനൂർ ചന്ദ്രശേഖരൻ, സാഹിത്യനിരൂപകനായ പ്രൊഫ: വിശ്വമംഗലം സുന്ദരേശൻ, കവി കാര്യവട്ടം ശ്രീകണ്ഠൻനായർ, പ്രവാസി എഴുത്തുകാരൻ ബെൻസിമോഹൻ എന്നിവർ ഉൾപ്പെട്ട അവാർഡ് ജഡ്ജിംഗ് പാനലാണ് വിജയികളെ തെരെഞ്ഞെടുത്തത്. മത്സരത്തിനായി സമർപ്പിയ്ക്കപ്പെട്ട, പ്രവാസത്തിന്റെ വിഹ്വലതകളും, വിവിധങ്ങളായ സമകാലികവിഷയങ്ങളും പ്രമേയമായ സൃഷ്ടികൾ നല്ല നിലവാരം പുലർത്തിയതായും, പ്രവാസജീവിതത്തിന്റെ പരിമിതികൾക്കിടയിലും സാഹിത്യത്തിൽ കഴിവ് തെളിയിച്ച പ്രതിഭകൾ പ്രവാസലോകത്ത് ഉണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
2015 മുതലാണ് നവയുഗം കോബാർ മേഖല കമ്മിറ്റി, പ്രവാസിസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ കെ.സി. പിള്ള സ്മാരക സാഹിത്യഅവാർഡുകൾ ഏർപ്പെടുത്തിയത്.
ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ, ദമ്മാമിൽ നടക്കുന്ന സർഗപ്രവാസം2017 ന്റെ വേദിയിൽ മലയാളത്തിന്റെ പ്രിയ കവി പി.കെ.ഗോപി, മത്സര വിജയികൾക്ക് അവാർഡുകൾ സമ്മാനിയ്ക്കുമെന്ന് സർഗപ്രവാസം2017 സംഘാടകസമിതി ചെയർമാൻ ദാസൻ രാഘവൻ, കോബാർ മേഖല കമ്മിറ്റി പ്രസിഡന്റ് ബിജു വർക്കി, മേഖല സെക്രട്ടറി അരുണ് ചാത്തന്നൂർ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
മൂന്നാമത് നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
11:25 PM Jan 22, 2018 | Deepika.com