കാണ്‍പൂർ അനാഥാലയത്തിൽ നിന്നു നോർത്ത് കരോളൈന എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലേക്ക്

05:52 PM Jan 20, 2018 | Deepika.com
നോർത്ത് കാരോളൈന: കാണ്‍പൂരിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓർഫനേജിൽ നിന്നും ഇമിഗ്രന്‍റ് ഓർഫൻ വീസയിൽ ഇന്‍റർ നാഷണൽ അഡോപ്ഷൻ വഴി അമേരിക്കയിലെത്തി സ്വയ പ്രയത്നം കൊണ്ട് ലീഡിംഗ് ഓണ്‍ ഓപ്പർച്യുണിറ്റി എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായ സ്റ്റെഫ്നി കൃപ ജനുവരി 20 ന് ചുമതലയേൽക്കുന്നു.

ജീവിതത്തിൽ പിന്നിട്ട വഴികൾ പുതിയ ഉത്തരവാദിത്തം നിറവേറ്റാൻ മാർഗദർശകമാകുമെന്ന് നാല്പത്തഞ്ചുകാരിയായ സ്റ്റെഫ്നി പ്രത്യാശ പ്രകടപ്പിച്ചു. എന്നിൽ അർപ്പിതമായ ചുമതലകൾ ഏറ്റെടുക്കാൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും സ്റ്റെഫ്നി കൂട്ടിചേർത്തു.

നോർത്ത് കരൊളൈന മെക്ലൻബർഗ് കൗണ്ടിയിൽ ദാരിദ്യ്രത്തിൽ കഴിയുന്ന കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തമാണ് ബാല്യത്തിൽ തന്നെ അനാഥത്വം പേറേണ്ടി വന്ന സ്റ്റെഫിനിയിൽ നിക്ഷിപ്തമായിരിക്കുന്നത്.

ബിഗ് ബ്രദേഴ്സ് ബിഗ് സിസ്റ്റേഴ്സ് ഓഫ് ഗ്രേറ്റർ കൊളംബിയായുടെ പ്രസിഡന്‍റും സിഇഒയുമായി സ്റ്റെഫ്നി പ്രവർത്തിച്ചിരുന്നു.

സൗത്ത് കരോളൈന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഫൗണ്ടേഷനിൽ എട്ടുവർഷം പ്രവർത്തിച്ചിട്ടുള്ള ഇവർ ഇനിഫേറ്റീവ് ആൻഡ് പബ്ലിക്ക് പോളസി സ്റ്റേറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്‍റ് കൂടിയാണ്.
നൂറു സ്ഥാനാർഥികളിൽനിന്നാണ് സ്റ്റെഫ്നിയെ തെരഞ്ഞെടുത്തതെന്ന് കൗണ്‍സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ