സിഎംഐ സഭയുടെ എക്സലൻസി അവാർഡ് സ്വാമിയച്ചന്

05:51 PM Jan 20, 2018 | Deepika.com
ന്യൂയോർക്ക്: സിഎംഐ സഭയുടെ 2017 വർഷത്തെ മികച്ച എക്സലൻസി അവാർഡ് മരണാനന്തര ബഹുമതിയായി സ്വാമിയച്ചനു സമ്മാനിച്ചു. സ്വാമിയച്ചൻ സിഎംഐ സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകളെ മാനിച്ചാണ്.

ജനുവരി നാലിന് എറണാകുളം കാക്കനാട് ചാവറ ഹിൽസിൽ നടന്ന ചടങ്ങിൽ സിഎംഐ പ്രയോർ ജനറാൾ റവ. ഡോ. പോൾ അച്ചാണ്ടിയിൽ നിന്നും ഭോപ്പാൽ സെന്‍റ് പോൾ പ്രൊവിൻഷ്യാൾ റവ. ഫാ. ജസ്റ്റിൻ അക്കര ഏറ്റുവാങ്ങി.

തൃശൂർ ഒല്ലൂർ പൊറാട്ടുക്കം കുടുംബത്തിലെ പരേതരായ അന്തോണി - – വെറോനിക്ക ദന്പതികളുടെ പത്തു മക്കളിൽ രണ്ടാമനായിരുന്നു സ്വാമിയച്ചൻ. സ്വാമിയച്ചന്‍റെ പ്രത്യേക ദൈവിക ഇടപെടൽ മൂലം വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയായുടെ ഘാതകൻ സമുന്ദർ സിംഗിനുണ്ടായ മാനസാന്തരവും സിസ്റ്റർ മരിയായുടെ കേരളത്തിലുള്ള വീട്ടിൽ എത്തി മാതാപിതാക്കളോട് മാപ്പപേക്ഷിക്കുകയും ചെയ്തത് ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഈ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഇറ്റാലിയൻ സംവിധായക കാതറിൻ മാക്ക് ഗിൽ (ഹാർട്ട് ഓഫ് മർഡറർ) എന്ന ഡോക്യുമെന്‍ററി നിർമിച്ചത്. മാർപാപ്പയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വാമിയച്ചനേയും ഘാതകനേയും സിസ്റ്റർ റാണി മരിയായുടെ സഹോദരി സിസ്റ്റർ സെൽമിയേയും റോമിലേക്ക് ക്ഷണിച്ചു പ്രത്യേകം ആദരിച്ചിരുന്നു.

സ്വാമി അച്ചൻ ഒറ്റമുണ്ടും ഷാളും ധരിച്ചു നഗ്നപാദനായി അമേരിക്കയിൽ പര്യടനം നടത്തിയത് അമേരിക്കൻ മാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു. അമേരിക്കയിലെ വിവിധ ദേവാലയങ്ങളും ജയിലുകളും സന്ദർശിച്ചു തന്‍റെ ജീവിതാനുഭവം പങ്കിട്ട സ്വാമിയച്ചൻ അവസാനമായി അമേരിക്കയിൽ സന്ദർശനം നടത്തി നാട്ടിൽ തിരിച്ചെത്തിയശേഷം മൂന്നു മാസത്തിനുള്ളിൽ മരണമടയുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിൽ വലിയ സുഹൃദ് വലയം സൃഷ്ടിക്കുവാൻ കഴിഞ്ഞതായി ന്യൂജേഴ്സിയിലെ സിഎംഐ വൈദികൻ പോളി തെക്കനച്ചനും സ്വാമിയച്ചന്‍റെ സഹോദരൻ ഡേവിസും അനുസ്മരിച്ചു. മരണാനന്തരം തന്‍റെ മൃതദേഹം മെഡിക്കൽ കോളജിനു വിട്ടു കൊടുത്ത് വലിയൊരു മാതൃക കാണിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ