കേരള അസോസിയേഷന്‍റെ ക്രിസ്മസ് പുതുവത്സരാഘോഷം വർണാഭമായി

12:05 AM Jan 20, 2018 | Deepika.com
ഡാളസ്: കേരളാ അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷം വർണാഭമായി. ജനുവരി ആറിന് ഗാർലന്‍റ് സെന്‍റ് തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്‍റ് ബാബു മാത്യുവിന്‍റെ സ്വാഗത പ്രസംഗത്തോടെ തുടക്കം കുറിച്ചു. ആൻമേരി ജയൻ അമേരിക്കൻ ദേശീയഗാനവും കേരള അസോസിയേഷനിലെ മലയാളം ക്ലാസ് വിദ്യാർഥികൾ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ പ്രസിഡന്‍റ് ജോഷ്വാ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പുതുവത്സര സന്ദേശം നൽകി.

അമേരിക്കയിലെ എല്ലാ മലയാളി അസോസിയേഷനുകളും കേരള അസോസിയേഷൻ ഓഫ് ഡാളസിനെ ഒരു ഉത്തമമാതൃകയായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2018 പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർഷമാണ്. പുതുപുത്തൻ തീരുമാനങ്ങൾ എടുക്കുവാനുള്ള സമയമാണെന്നും ക്രിസ്തുദേവന്‍റെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മഹത്തായ സന്ദേശം എന്നും നിലനിൽക്കുന്നതും നിലനിർത്തേണ്ടതുമാണെന്നും ക്രിസ്മസ് പുതുവത്സര സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. കേരള അസോസിയേഷൻ അവതരിപ്പിച്ച നേറ്റിവിറ്റി സീൻ ഏറെ പ്രശംസ നേടി. ഷെറിൻ ജോർജ് നൃത്ത സംവിധാനം ചെയ്ത കുട്ടികളുടെ ഡാൻസും ഷാജി ജോണിന്‍റെ സംവിധാനത്തിൽ അരങ്ങേറിയ മുടിയൻ’ എന്ന ലഘു നാടകവും മികച്ച അവതരണ ശൈലികൊണ്ട് ശ്രദ്ധയാകർഷിച്ചു. കോശി വൈദ്യനും സംഘവും അവതരിപ്പിച്ച ഉപകരണ സംഗീതം ഏറെ ഹൃദ്യമായിരുന്നു.

അസോസിയേഷൻ സംഘടിപ്പിച്ച ചിത്രരചന, പെയിന്‍റിംഗ്, പ്രസംഗം, സ്പെല്ലിംഗ് ബി എന്നീ മത്സരങ്ങളുടെ സമ്മാനദാനം ഹരിദാസ് തങ്കപ്പൻ, സോണിയ തോമസ് പ്രസിഡന്‍റ് ബാബു മാത്യു സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ ചേർന്നു നിർവഹിച്ചു. തുടർന്നു ലിൻസി തോമസിന്‍റെ നേതൃത്വത്തിൽ ഫാഷൻ ഷോ അരങ്ങേറി. സാന്താക്ലോസിന്‍റെ അകന്പടിയോടെയുള്ള കരോൾ ഗാനത്തോടെ കലാപരിപാടികൾ അവസാനിച്ചു. ആർട്ട് ഡയറക്ടർ ജോണി ജോണി സെബാസ്റ്റ്യൻ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ബെൻസി ബോബൻ, സിനി റോയി എന്നിവർ എംസിമാരായിരുന്നു. സെക്രട്ടറി റോയി കൊടുവത്ത് നന്ദി പറഞ്ഞു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ