ജീവൻകുമാറിന് മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ്

12:31 AM Jan 19, 2018 | Deepika.com
ന്യൂയോർക്ക്: അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് ജീവൻകുമാറിന് ലഭിച്ചു.

വായ്പ എടുത്ത തുകയേക്കാൾ ഇരട്ടിയിലധികം തുക തിരിച്ചടച്ചിട്ടും റപ്കോ ബാങ്ക് അപസ്മാര രോഗിയും ഗർഭിണിയുമായ യുവതിയേയും 84 വയസുളള വൃദ്ധയും അടക്കമുളള ആറംഗ കുടുംബത്തെ പെരുവഴിയിൽ ഇറക്കി വിട്ട ക്രൂരത വെളിച്ചത്ത് കൊണ്ടുവന്നതിനാണ് ജീവൻ കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. വാർത്തയെ തുടർന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി ജപ്തി ചെയ്ത വീട് തിരികെ എടുത്തു നൽകിയിരുന്നു. മറ്റൊന്ന് അനാധലയത്തിൽനിന്നു ദത്തെടുത്ത കുട്ടിയെ ദന്പതികൾ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിലെ ഉയർന്ന ജീവനക്കാരായ ദന്പതികളിൽ നിന്ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടിയെ തിരികെ എടുത്തു എന്ന റിപ്പോർട്ടും ജീവൻ കുമാറിനെ പുരസ്കാരത്തിന് അർഹനാക്കി.

കാഷ് അവാർഡും ഫലകവും കൈരളിടിവി യുഎസ്എ ക്കു വേണ്ടി ജോസ് പ്ലാക്കാട്ട് നൽകി. ചടങ്ങിൽ കൈരളി യുഎസ്എ ഇൻചാർജ് ജോസ് കാടാപുറം, മലയാളം കമ്മ്യൂണിക്കേഷൻ സീനിയർ ഡയറക്ടർ ഫിനാൻസ് വിഭാഗം മേധാവി വെങ്കിട്ടരാമൻ, ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എം. രാജീവ്, തിരുവന്തപുരം ബ്യുറോ ചീഫ് ദിനകർ എന്നിവർ സംബന്ധിച്ചു.

ആലപ്പുഴ അന്പലപ്പുഴ സ്വദേശിയായ ജീവൻ കുമാർ കൈരളി ടിവിയുടെ തിരുവനതപുരം ബ്യൂറോ അംഗമാണ്. ഭാര്യ: അമിത. മകൻ: തപൻ.