കല കുവൈറ്റ് വാർഷിക സമ്മേളന പ്രചാരണാർഥം സംഗീത സന്ധ്യ സംഘടിപ്പിച്ചു

11:13 PM Jan 15, 2018 | Deepika.com
കുവൈത്ത് സിറ്റി: ജനുവരി 19, 20 തീയതികളിൽ നടക്കുന്ന, കല കുവൈറ്റ് 39-ാം വാർഷിക സമ്മേളനത്തിന്‍റെ പ്രചാരണാർഥം, ഫഹാഹീൽ, സാൽമിയ മേഖലകളിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു. ഫഹാഹീൽ കല സെന്‍ററിൽ നടന്ന “മധുരിക്കും ഓർമകളെ” എന്ന പരിപാടി ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ മേഖലാ പ്രസിഡന്‍റ് അനൂപ് മാങ്ങാട് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ഗൃഹാതുരുത്വമുണർത്തുന്ന സിനിമാഗാനങ്ങളും നാടക ഗാനങ്ങളും പരിപാടിക്ക് മിഴിവേകി. മേഖലാ എക്സിക്യൂട്ടീവംഗം രജീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഷാജു വി.ഹനീഫ് പരിപാടികൾക്ക് നേതൃത്വം നൽകി.

കല സാൽമിയ സെന്‍ററിൽ നടന്ന "പൊന്നരിവാൾ അന്പിളിയിൽ' എന്ന പരിപാടിയിൽ പഴയ നാടക ഗാനങ്ങൾ , വിപ്ലവ ഗാനങ്ങൾ, നാടൻ പാട്ടുകൾ, തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ എന്നിവ കോർത്തിണക്കി കലയുടെ ഗായകർ അവതരിപ്പിച്ച ഗാനങ്ങൾ സദസിന് ഹൃദ്യമായ അനുഭവമായി.

സാൽമിയ മേഖല പ്രസിഡന്‍റ് അജ്നാസ് മൊഹമ്മദിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തോടെ ആണ് പരിപാടിക്ക് തുടക്കമായത്. സാൽമിയ മേഖല സെക്രട്ടറി കിരണ്‍ പി.ആർ സ്വാഗതം ആശംസിച്ച യോഗത്തിന്, കല പ്രസിഡന്‍റ് സുഗത കുമാർ, ജനറൽ സെക്രട്ടറി ജെ.സജി, ട്രഷറർ രമേശ് കണ്ണപുരം, ജോയിന്‍റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കല കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അരുണ്‍ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എകെജി യെ അധിക്ഷേപിച്ച വി.ടി. ബൽറാമിന്‍റെ നടപടിക്കെതിരെ യോഗത്തിൽ കലയുടെ സാൽമിയ മേഖല ശക്തമായ പ്രതിഷേധിച്ചു. യോഗത്തിന് മേഖല സമിതി അംഗം വിജയ കൃഷ്ണൻ നന്ദി പറഞ്ഞു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിനിധി സമ്മേളനം ജനുവരി 19 ന് ആർ.സുദർശനൻ നഗറിലും (നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂൾ, അബാസിയ), പൊതു സമ്മേളനം 20ന് ഗൗരി ലങ്കേഷ് നഗറിലും (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) നടക്കും. ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷൻ ഡയറക്ടർ പ്രഫ. മാത്യുസ് വഴക്കുന്നം മുഖ്യാതിഥിയായി പങ്കെടുക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ