ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു

10:40 PM Jan 12, 2018 | Deepika.com
ന്യൂജേഴ്സി: ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു. എപ്പിസ്ക്കോപ്പൽ സഭയുടെ ബിഷപ്പ് റൈറ്റ് റവ.ഡോ. ജോണ്‍സി. ഇട്ടി മുഖ്യാതിഥിയായി ക്രിസ്മസ് നവവത്സര സന്ദേശം നൽകി.

ഭയത്തിന്‍റേയും നിരാശയുടേയും വിവിധങ്ങളായ പ്രശ്നങ്ങളുടേയും ചുഴിയൽ അകപ്പെട്ടിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ധൈര്യവും സ്ഥൈര്യവും നൽകുന്ന ദൂതാണ് ക്രിസ്തുവിന്‍റെ ജനനത്തോടനുബന്ധിച്ച് ദൈവദൂതൻ ആട്ടിടയന്മാരിലൂടെ അറിയിച്ചത്. ''ഭയപ്പെടേണ്ട, ഇതാ ലോകത്തിനുമുഴുവൻ ആനന്ദദായകമായ സദ്വാർത്ത നിങ്ങളെ അറിയിക്കുന്നു. ഇന്ന് ദാവീദിന്‍റെ നഗരത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ മിശിഹാ ജനിച്ചിരിക്കുന്നു''.

നാം ക്രിസ്മസ് ആഘോഷിക്കുന്പോൾ ഈ യഥാർത്ഥ ദൂത് നമ്മുടെ ജീവിതത്തിലേക്കു പകർത്തുവാൻ ശ്രമിക്കേണ്ടതാണ്. നമ്മുടെ ദൈനംദിന ജീവിത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുടെ സമ്മർദ്ദം മൂലം പ്രയാസങ്ങൾ നമ്മെ അലട്ടുന്നുണ്ടാകാം. ഇവയെ നേരിടാൻ ധൈര്യപൂർവം സ്പഷ്ടവും നിർഭയവുമായ തീരുമാനമെടുക്കുവാൻ നമുക്കു സാധിക്കണം. പ്രശ്നങ്ങളെ കീറിമുറിച്ച് അപഗ്രഥിച്ചും അതിബൗദ്ധികമായി വിവേചിച്ചും, പരിഹരിക്കുവാനാണ് നാം ശ്രമിക്കാറുള്ളത്. അങ്ങനെയെല്ലാം ചെയ്തിട്ടും പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ നിസഹായരും നിരാശരും പ്രതീക്ഷയറ്റവരുമായി അനേകർ ആയിത്തീരുന്നു. അവിടെയാണ് ക്രിസ്മസിന്‍റെ സന്ദേശം. ഭയപ്പെടേണ്ട നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നവെന്നത് നാം സ്വാംശീകരിക്കേണ്ടത്.

ക്രിസ്തുവിന്‍റെ മാതൃക ജീവിതത്തിൽ അനുവർത്തിച്ച്, സ്നേഹത്തിൻറെയും സന്തോഷത്തിന്‍റെയും സഹനത്തിന്‍റെയും കരുതലിന്‍റെയും ഉദാഹരണങ്ങളായി, നാം ജീവിക്കുന്ന സമൂഹത്തിൽ ആശയറ്റ, പ്രതീക്ഷയില്ലാത്ത, സമാധാനമില്ലാത്ത ആളുകളിലേയ്ക്ക് ക്രിസ്തുവിന്‍റെ പ്രതിപുരുഷന്മാരായി വെളിച്ചം വീശുവാൻ നമുക്കു പരിശ്രമിക്കാം. അതിന് ക്രിസ്മസിലൂടെ നമുക്കു ലഭിച്ച ധൈര്യവും സമാധാനവും ഉത്തേജനവും പര്യാപ്തമാകട്ടെയെന്ന് അഭിവന്ദ്യ തിരുമേനി ആശംസിച്ചു. ബഥേൽ ചർച്ച് ഓഫ് ഗോഡ്, ടീനെക്ക് പാസ്റ്റർ റവ. പോൾ ജോണ്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.


ജനുവരി 7ന് ബർഗൻഫീൽഡിലെ സെൻറ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ നടന്ന ക്രിസ്മസ് നവവത്സരാഘോഷങ്ങൾ റവ. ഡോ. പോൾ പതിക്കലിന്‍റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ബിസിഎംസി ഫെലോഷിപ്പ് ഗായകസംഘത്തിന്‍റെ പ്രാരംഭ ഗാനങ്ങൾക്കുശേഷം പ്രസിഡൻറ് അഡ്വ. റോയി ജേക്കബ് കൊടുമണ്‍ സ്വാഗതമാശംസിച്ചു . തുടർന്ന് സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ബർഗൻഫീൽഡ് വികാരി റവ. ലാജി വർഗീസ് മധ്യസ്ഥ പ്രാർത്ഥന നയിച്ചു. ആഞ്ജലി ഫിലിപ്പ് ആലപിച്ച സോളോ ഗാനം ആസ്വാദ്യമായിരുന്നു.

മുപ്പതിൽപരം വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടനയുടെ ചരിത്രവും പ്രാധാന്യവും, പ്രസക്തിയും രേഖപ്പെടുത്തുന്നതിനും വരും തലമുറയ്ക്കു കൈമാറുന്നതിനുമായി തയ്യാറാക്കുന്ന സുവനിറിന്‍റെ ഒൗദ്യോഗികമായ പ്രകാശനവും ചടങ്ങിൽ നടത്തപ്പെട്ടു. സുവനീർ കമ്മിറ്റിക്കുവേണ്ടി ചീഫ് എഡിറ്റർ പ്രൊഫ. സണ്ണി മാത്യു മുഖ്യാതിഥി ബിഷപ്പ് റൈറ്റ് റവ. ഡോ. ജോണ്‍സി ഇട്ടിക്കു ആദ്യ കോപ്പി നൽകുകയും അദ്ദേഹം അത് സംഘടനയുടെ സ്ഥാപക പ്രസിഡൻറായ റവ. ഫാ. ബാബു കെ. മാത്യുവിനു കൈമാറിക്കൊണ്ട് പ്രകാശനം ചെയ്യുകയും ചെയ്തു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വർഗീസ് പ്ലാമൂട്ടിൽ, സുജിത് ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു. ചീഫ് എഡിറ്റർ പ്രൊഫ. സണ്ണി മാത്യൂസ്, റവ. ഫാ. ബാബു കെ. മാത്യു എന്നിവർ സുവനീർ പ്രസിദ്ധീകരണത്തെയും ഫെലോഷിപ്പിൻറെ ആദ്യകാല പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു. സെക്രട്ടറി രാജൻ മോടയിൽ കൃതജ്ഞത അർപ്പിച്ചു. സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് വികാരി റവ. മോൻസി മാത്യുവിന്‍റെ സമാപന പ്രാർത്ഥനയോടും ബിഷപ്പ് റൈറ്റ് റവ. ഡോ. ജോണ്‍സി ഇട്ടിയുടെ ആശീർവാദത്തോടും കൂടെ ക്രിസ്മസ് നവവത്സരാഘോഷങ്ങൾ സമാപിച്ചു. സജി റ്റി. മാത്യു മാസ്റ്റർ ഓഫ് സെറിമണിയായി യോഗനടപടികൾ ക്രമീകരിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ