റിയാദ്: സ്ത്രീ പുരുഷ·ാരിലെ പ്രകൃതിപരവും സൃഷ്ടിപരവുമായ വൈജാത്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് കേരളം കാത്തു സൂക്ഷിച്ച ധാർമ്മിക സാംസ്കാരിക ബോധങ്ങളെ സംരക്ഷിക്കാനും ആഗോളവൽക്കരണത്തിന്റെ ഭാഗമായി പ്രചരിക്കപ്പെടുന്ന ഫ്ളാഷ് മോബ് പോലെയുള്ള സാംസ്കാരികാധിനിവേശങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ തടുത്തുനിർത്തുവാനും പദ്ധതികൾ ആവിഷ്കരിക്കാൻ കേരളീയ പൊതുസമൂഹം മുന്പോട്ട് വരണമെന്ന് റിയാദിൽ സമാപിച്ച എംഎസ്എം ഗേൾസ് ഗാതെറിംഗ് ആവശ്യപ്പെട്ടു.
ആണ് പെണ് വ്യത്യാസമില്ലാതെ കൂടിക്കലർന്നുള്ള പഠനവും സന്പർക്കവും ആവശ്യമാണെന്ന കേരളത്തിന് പരിചയമില്ലാത്ത വാദങ്ങളാണ് കാന്പസുകളിൽ വിദ്യാർഥിനികൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ യഥാർത്ഥ കാരണമെന്നിരിക്കെ മത ധാർമ്മിക മൂല്യങ്ങളിലൂടെ തന്നെ നാടിനെ മുന്പോട്ട് നയിക്കാൻ വിദ്യാഭ്യാസ വിചക്ഷണരും സാഹിത്യകാര·ാരും മത രാഷ്ട്രീയ നേതൃത്വങ്ങളും സർക്കാരും തയ്യാറാവണമെന്നും ഗാതെറിംഗ് അഭ്യർത്ഥിച്ചു.
ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി എംഎസ്എം സംഘടിപ്പിച്ച ഹൈസെക്കിന്റെ ഭാഗമായി നടന്ന ഗേൾസ് ഗാതെറിംഗ് റിയാദ് മോഡേണ്‍ ഇന്റർനാഷണൽ സ്കൂൾ ഹെഡ്മിസ്ട്രസ് ടി. പി. സാജിദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുവാൻ മാന്യമായ വേഷവിധാനങ്ങൾക്ക് ഒരു പരിധിവരെ സാധിക്കുമെന്നും മാന്യമായ വേഷവിധാനത്തിന് രക്ഷിതാക്കൾ അവരെ പരിശീലിപ്പിക്കണമെന്നും അവർ പറഞ്ഞു. ഭൗതികവിദ്യാഭ്യാസം എത്ര നേടിയാലും ധാർമ്മിക പഠനങ്ങൾക്കാണ് നിത്യ പ്രസക്തിയുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റിയാദ് ക്യൂഎച്ച്എൽ. സി. വനിതാ വിഭാഗം കണ്‍വീനർ മുനീറ കൊളപ്പുറം പറഞ്ഞു.
പ്രായത്തിനനുസരിച്ച് സംഭവിക്കുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിക്കുവാനും അവയെ സ്രഷ്ടാവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സംരക്ഷിക്കുവാനും വളർന്നുവരുന്ന വിദ്യാർഥിനികൾക്ക് സാധിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ച സുനീറ കടുങ്ങല്ലൂർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
വിദ്യാർത്ഥിനികളിൽ സാംസ്കാരിക ബോധം വളർത്തണം: ഗേൾസ് ഗാതെറിംഗ്
10:19 PM Jan 11, 2018 | Deepika.com