കുവൈത്ത് സിറ്റി: നായർ സർവീസ് സൊസൈറ്റി കുവൈത്തിന്റെ ആഭിമുഖ്യത്തിൽ 141ാം മത് മന്നം ജയന്തി ആഘോഷങ്ങളുടെ ഫ്ളയർ പ്രകാശനം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു.
ചടങ്ങിൽ പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു. ഫ്ളയറിന്റെ ആദ്യ കോപ്പി ജനറൽ സെക്രട്ടറി ഗുണപ്രസാദ് വൈസ് പ്രസിഡന്റ് വിനോദ് പിള്ളയ്ക്ക് നൽകി.
ഗോൾഡൻ സർക്കിൾ ഇൻവിറ്റേഷൻ ആദ്യ പ്രതി ഫാഹീൽ കരയോഗം കോഡിനേറ്റർ ശ്രീകുമാറിനും, സിൽവർ സർക്കിൾ ഇൻവിറ്റേഷൻ മംഗഫ് കരയോഗം കോ ഡിനേറ്റർ ശ്രീ രാജിനും ജനറൽ പ്രോഗ്രാം കണ്‍വീനർ ജയകുമാർ കൈമാറുകയും മന്നം ജയന്തി 2018 ന്റെ വിളംബര ഉദ്ഘാടനം കഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.
2018 ജനുവരി 26 ന് അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വൈകിട്ട് നാലര മുതൽ മന്നം ജയന്തി ആഘോഷം തുടങ്ങും . പ്രശസ്ത ഗാനരചയിതാവും 2014ൽ സംസ്ഥാന അവാർഡിന് അർഹനുമായ ഓ. എസ് . ഉണ്ണിക്കൃഷ്ണനായിരിക്കും ഇത്തവണത്തെ മുഖ്യാതിഥി. പ്രശസ്ത ചലച്ചിത്ര, സീരിയൽ നടിയും നർത്തകിയുമായ തരാക്കല്യാണിന്റെയും കുമാരി സൗഭാഗ്യ വെങ്കിടേഷിന്റെയും ക്ലാസിക്കൽ നൃത്തശില്പം പരിപാടിയുടെ മുഖ്യ ആകർഷണമാകും. തുടർന്ന് പന്തളം ബാലന്റെ നേതൃത്വത്തിൽ ഗായകരായ ജീവൻ പദ്മകുമാറിന്റെയും ലക്ഷ്മി ജയന്റെയും മ്യൂസിക്കൽ ലൈവ് അരങ്ങേറുമെന്ന് ജോയിന്റ് പ്രോഗ്രാം കണ്‍വീനർ ഹരി പിള്ള പറഞ്ഞു. ട്രഷറർ മധു വെട്ടിയാർ, വനിതാ കണ്‍വീനർ അനിതാ പിള്ള , ജോയിന്റ് വനിതാ കണ്‍വീനർ ദീപ എന്നിവർ ആശംസകൾ അർപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
നായർ സർവീസ് സൊസൈറ്റി കുവൈത്തിന്റെ മന്നം ജയന്തി ആഘോഷങ്ങളുടെ ഫ്ളയർ പ്രകാശനം
09:37 PM Dec 30, 2017 | Deepika.com