മനാമ: മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തോണി മറിഞ്ഞ് 6 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ബഹറിൻ കഐംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.കുട്ടികൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നേരിയ ആശ്വാസമെങ്കിലും പകരാൻ സർക്കാർ ഒപ്പം നിൽക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ആവശ്യമായ ധനസഹായം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൂടാതെ ഇത്തരം അപകടങ്ങൾ ഭാവിയിലെങ്കിലും ഇല്ലാതാക്കാൻ ആവശ്യമായ മുൻകരുതലുകളും നിർദേശങ്ങളും ഉടൻ പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയ കുട്ടികൾ തോണിയിൽ ഉല്ലാസയാത്ര നടത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. തോണി സവാരിക്ക് പോകുന്പോൾ സ്വീകരിക്കേണ്ട മുൻകരുതലിൽ പ്രധാനമാണ് ലൈഫ് ജാക്കറ്റ്. അതിന്റെ അഭാവമാണ് മരണ സംഖ്യ ഉയർത്തിയത്.
അതു കൊണ്ട് ഇത്തരം കടവുകളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി കൊടുക്കാൻ ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധിക്കണമെന്നും സർക്കാർ അത് ഉറപ്പു വരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കുട്ടികൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദനയിൽ കഐംസിസി മലപ്പുറം ജില്ലാ കമ്മറ്റി പങ്കു ചേരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.
ചങ്ങരംകുളം തോണി അപകടം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ലഭ്യമാക്കണം
10:24 PM Dec 28, 2017 | Deepika.com