കുവൈത്ത്: കേരള അസോസിയേഷൻ കുവൈത്ത് കണിയാപുരം രാമചന്ദ്രൻ സ്മാരക അഞ്ചാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ 'നോട്ടം 2017'ഡിസംബർ 29 വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്നും മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രദർശന വിഭാഗം, മത്സരവിഭാഗം, ഓപ്പണ്‍ ഫോറം എന്നിങ്ങിനെ ആയി മേളയെ തരം തിരിച്ചിട്ടുണ്ട്. ഇത്തവണ മേളയിൽ 23 സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. അതിൽ 14 സിനിമകളും കുവൈത്തിൽ നിന്നുള്ളതാണ് എന്നാണ് പ്രത്യേകത ബാക്കി സിനിമകൾ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും, നാട്ടിൽ നിന്നും ഉള്ളവയാണ്. ഗ്രാൻഡ് ജൂറി അവാർഡ്, പ്രവാസി സിനിമ പുരസ്കാരം, ഓഡിയൻസ് പോൾ അവാർഡ് എന്നിവയാണ് പ്രധാന അവാർഡുകൾ കൂടാതെ വ്യക്തിഗത ഏഴു അവാർഡുകളും, കുവൈത്തിലെടുത്ത സിനിമകൾക്ക് വ്യക്തിഗത അവാർഡുകളും, കൂടാതെ കുട്ടികൾക്കായുള്ള ഷോർട്ട് ഫിലിം മത്സരവും ഇത്തവണ മേളയിലുണ്ട്.
കുവൈത്തിലെ കുട്ടികളുടെ ഫോട്ടോപ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 30 ശനിയാഴ്ച വൈകീട്ട് 6ന് കുവൈത്തിലെ സിനിമ പ്രവർത്തകർക്കായി നോട്ടം ജൂറി മെന്പേഴ്സ് നയിക്കുന്ന ടെക്നിക്കൽ വർക്ക്ഷോപ്പ് ഉണ്ടായിരിക്കുന്നതാണ്. നോട്ടം 2017 ജൂറി മെംബേഴ്സായി എത്തുന്നത് പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി. എസ് വെങ്കിടേശ്വരൻ, സിനിമ സംവിധായകൻ എം.പി സുകുമാരൻ നായർ, സിനിമാ ഫോട്ടോഗ്രാഫർ കെ.ജി ജയൻ എന്നിവരാണ്. നോട്ടം 2017 വിജയമാക്കുവാൻ എല്ലാവരും എത്തിച്ചേരണമെന്നും വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട്, സെക്രട്ടറി പ്രവീണ്‍ നന്തിലത്ത്, ട്രഷറർ ശ്രീനിവാസൻ മുനന്പം, ഫെസ്റ്റിവൽ ഡയറക്റ്റർ വിനോദ് വലൂപ്പറന്പിൽ, അസോസിയേഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഉബൈദ് പള്ളുരുത്തി, ഉണ്ണി താമരാൽ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
നോട്ടം ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
10:33 PM Dec 27, 2017 | Deepika.com