ന്യുജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം (North American Malayalees and Associated Members) ഡിസംബർ 17 ഞായറാഴ്ച ന്യുജേഴ്സിയിലെ മോണ്മൗത് ജംഗ്ഷനിലുള്ള എന്പർ ഹോട്ടലിൽ (3793 US-1, Monmouth Junction, NJ 08852) വർണാഭമായ പരിപാടികളുമായി ഹോളിഡേ പാർട്ടി നടത്തുമെന്ന് ചെയർമാൻ മാധവൻ ബി നായർ, പ്രസിഡന്റ് മാലിനി നായർ എന്നിവർ അറിയിച്ചു.
ഡിസം. 17നു വൈകുന്നരം അഞ്ചിന് ആരംഭിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്റ ക്ലോസ് എത്തുന്നുണ്ട്. അയ്യരിഷ് കോക്ടെയ്ൽ അവതരിപ്പിക്കുന്ന ഗാനമേള, മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന ഫാഷൻ ഷോ, മറ്റു നൃത്ത സംഗീത പരിപാടികൾ എന്നിവയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ആസ്വാദ്യകരമായ മത്സരങ്ങൾ നടത്തുന്നുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് നാമം ഭാരവാഹികളായ രഞ്ജിത് പിള്ള, പ്രിയ ധർമരാജൻ എന്നിവർ പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ചു 2018 ഏപ്രിൽ 7നു നടത്തുന്ന നാമം എക്സലൻസ് അവാർഡ് നൈറ്റിനെക്കുറിച്ചു മാധവൻ ബി നായർ സംസാരിക്കും. പ്രവാസി സമൂഹത്തിൽ വളരെ ശ്രദ്ധേയമായിക്കഴിഞ്ഞ നാമം എക്സലൻസ് അവാർഡുകൾ മലയാളികളെയും ഉത്തരേന്ത്യക്കാരെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭർക്കാണ് നൽകുന്നത്.
ടിക്കറ്റുകൾക്കായി: //www.eventnshow.com/events/20171122153609
റിപ്പോർട്ട്: വിനീത നായർ
നാമം ഹോളിഡേ പാർട്ടി ഞായറാഴ്ച ന്യുജേഴ്സിയിൽ
09:05 PM Dec 15, 2017 | Deepika.com