ലൊസാഞ്ചലസ്: അക്ഷയപത്രി ഫൗണ്ടേഷൻ യുഎസ്എയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വന്ദന തിലകിനെ നിയമിച്ചതായി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ജനുവരി ഒന്നിന് വന്ദന ചുമതലയേൽക്കും. 2012 മുതൽ അക്ഷയപത്രിയിൽ സജീവ പ്രവർത്തനം ആരംഭിച്ചു ലൊസാഞ്ചലസിൽ പുതിയ ചാപ്റ്റർ തുടങ്ങുന്നതിനു നേതൃത്വം വഹിച്ചു. 2015 മുതൽ ഫൗണ്ടേഷന്റെ ബോർഡ് മെന്പറായി പ്രവർത്തിക്കുന്നു.
പബ്ലിക്ക്-പ്രൈവറ്റ് സഹകരണത്തോടെ പ്രവർത്തിക്കുന്ന അക്ഷയപത്രി ഫൗണ്ടേഷൻ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ 13,800 വിദ്യാലയങ്ങളിലെ 1.6 മില്യണിലധികം വരുന്ന വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. ഈ ആവശ്യത്തിലേക്ക് 2017ൽ മാത്രം ഒരു മില്യണ്‍ ഡോളർ സമാഹരിക്കുവാൻ കഴിഞ്ഞതായി പത്രക്കുറിപ്പിൽ പറയുന്നു.
സോഷ്യൽ മീഡിയായിലൂടെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ചു കൂടുതൽ ഫണ്ട് സമാഹരിക്കുന്നതിനും, കൂടുതൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വന്ദന തിലക് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വന്ദന തിലക് അക്ഷയപത്രി ഫൗണ്ടേഷൻ സിഇഒ
09:30 PM Dec 14, 2017 | Deepika.com