റിയാദ്: റിയാദിലെ ആദ്യകാല ജീവകാരുണ്യ പ്രവർത്തകനും നവോദയ രക്ഷാധികാരി കമ്മിറ്റി അംഗവുമായ എൻ. എ വാഹിദും റിയാദിലെ ന്യൂസനയ കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീകുമാറും പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേക്കു മടങ്ങുന്നു.
തിരുവനന്തപുരം പൊങ്ങുംമൂട് സ്വദേശിയായ എൻ.എ വാഹിദ് ഒരു കാലത്ത് റിയാദിലെ ജീവകാരുണ്യ രംഗത്തെ പ്രധാന മുഖമായിരുന്നു. കേളിയുടെ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ, കണ്വീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ എംബസിയുമായി സഹകരിച്ചു മരണപ്പെട്ട നിരവധി മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കയറ്റി അയക്കുന്നതിനും റിയാദിനു പുറത്തുപോലും തൊഴിൽ പീഡനത്തിനിരയായവർക്കും ഗുരുതരമായ അസുഖം ബാധിച്ചവരുടെയും ക്ഷേമവും നാട്ടിലേക്കുള്ള മടക്കയാത്രക്കും വേണ്ടി പൂർണസമയം നിസ്വാർഥ സേവനം നടത്തിയിരുന്നു.
1982 ൽ റിയാദിൽ ഒരു സ്വകാര്യ കന്പനിയിൽ ടെക്നിഷ്യൻ ജോലിക്കെത്തിയ അദ്ദേഹം 84ൽ നാട്ടിൽപോയി വീണ്ടും ഫ്രീ വിസയിൽ തിരികെ എത്തി അസീസിയയിൽ പ്ലംബിംഗ് ആൻഡ് ഇലക്ട്രിക്കൽസ് സ്ഥാപനം തുടങ്ങുകയായിരുന്നു. 2009ൽ നവോദയ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച വാഹിദ് സജീവ പ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ ഉപദേശിക സമിതി അംഗം എന്ന നിലയിൽ സംഘടനയുമായി സഹകരിക്കുകയായിരുന്നു. തൊഴിൽ കച്ചവടരംഗത്തുള്ള മാന്ദ്യവും ആരോഗ്യകരണങ്ങളാലുമാണ് നാട്ടിലേക്കു മടങ്ങുന്നത്. ഭാര്യ നജ്മ. നീനു, നിഷ(വിദ്യാർത്ഥി) എന്നിവർ മക്കളാണ്.
നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ന്യൂസനയ യുണിറ്റ് മുൻ പ്രസിഡന്റുമായ ശ്രീകുമാർ ആലപ്പുഴ ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിയാണ്. 1995 മുതൽ സൗദി കാർപ്പറ്റ് കന്പനിയിൽ പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ ജോലി നോക്കിവരുന്നു. പത്തനംതിട്ടയിലെ കാൻസർ ബാധിച്ച 12 വയസുള്ള വിദ്യാർത്ഥി മോത്തി മോഹന്റെ ചികിത്സക്കും റിയാദിൽ ജോലി നോക്കവേ അസ്ഥി പൊടിയുന്ന അസുഖം ബാധിച്ച എറണാകുളം സ്വദേശി മധുസൂദനൻ നായരുടെ ചികിത്സ സഹായത്തിനുമൊക്കെ ഫണ്ട് കണ്ടെത്തുന്നതിനും നവോദയ നടത്തിയ പ്രവർത്തനങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രവർത്തിച്ചുള്ള വ്യക്തിയാണ് ശ്രീകുമാർ.
വ്യാവസായിക മേഖലയിൽ ഉണ്ടായ മാന്ദ്യത്തെ തുടർന്നാണ് ശ്രീകുമാർ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്. ഭാര്യ സന്ധ്യ, സ്കൂൾ അധ്യാപികയാണ്. മക്കൾ മേഘനാഥും, ഗൗരീശങ്കറും സ്കൂൾ വിദ്യാർത്ഥികളാണ്.
നവോദയ ന്യൂ സനായ യൂണിറ്റി ജോ: സെക്രട്ടറി, കോഴിക്കോട് കോടഞ്ചേരി സ്വദേശി സാബിതും നാട്ടിലേക്കു മടങ്ങുകയാണ്. നാട്ടിൽ കുടുംബവകയായി ഫാൻസി & ഫുട്!വെയർ ഷോപ് നടത്തുന്നുണ്ട്. ഭാര്യ ജസീന, മുഹമ്മദ് റിഥുവാൻ, മുഹമ്മദ് റയാൻ എന്നിവർ മക്കളാണ്.
റിപ്പോർട്ട്: കുമ്മിൾ സുധീർ
നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സാമൂഹ്യ പ്രവർത്തകരുമായ എൻ.എ വാഹിദും ശ്രീകുമാറും നാട്ടിലേക്ക് മടങ്ങുന്നു
10:46 PM Dec 13, 2017 | Deepika.com