ഫിലഡൽഫിയ: പ്രസിദ്ധ കോറൽ പരിശീലകനും പിയാനിസ്റ്റുമായ റെയ്സ് ജോണ്‍ കോശി 'ഓണ്‍ ദാറ്റ് ഡേ' എന്ന ക്രിസ്തുമസ് മ്യൂസിക്കൽ ഫിലഡൽഫിയയിൽ അവതരിപ്പിക്കുന്നു. ബാൻഡ് ചെറുബിം എന്ന ഗായകസംഘമാണു ഗാനങ്ങൾ ആലപിക്കുന്നത്. ഡിസംബർ 17 ഞായറാഴ്ച വൈകിട്ട് 6.30നു 2200 മിചനർ സ്റ്റ്രീറ്റ് സ്വീറ്റ് 14 ൽ പരിപാടികൾ അരങ്ങേറും. ഇരുപതിൽപരം അംഗങ്ങളുള്ള ഗായകസംഘമാണു ബാൻഡ് ചെറുബിം. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗായകസംഘം ഇതിനകം നിരവധി സംഗീത ശുശ്രൂഷകൾ നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ 30ൽ പരം വർഷമായി ഗായകസംഘ പരിശീലകനും പിയാനിസ്റ്റുമായ റെയ്സ് ആണു ബാൻഡ് ചെറുബിമിനു നേതൃത്വം നൽകുന്നത്. സുപ്രസിദ്ധ കണ്വൻഷൻ. തിരുവനന്തപുരം വൈഎംസിഎ ക്വയർ, വിവിധ മാർത്തോമാ ഗായകസംഘങ്ങൾ, തിരുവനന്തപുരം, തിരുവല്ല ഓർത്തഡോക്സ് ഭദ്രാസന ഗായകസംഘങ്ങൾ, തിരുവനന്തപുരം ഓൾ സെന്റ്സ്, ഹോളി ഏയ്ഞ്ചൽസ് കോണ്വന്റ്ക്വയർ ട്രെയിനർ , സെന്റ് തോമസ് സ്കൂൾ, ഓൾ സെയിന്റ്സ് കോളജ്, മാർ ഈവാനിയോസ് കോളജുകളിലെ ഗായകസംഘങ്ങൾ എന്നിവയുടെ പരിശീലകനായിരുന്നു. തിരുവനന്തപുരം ക്രൈസ്റ്റ് ചർച്ച് ക്വയർ മാസ്റ്ററും ഓർഗനിസ്റ്റുമായിരുന്നു.
സുവിശേഷഗായകൻ മോശ വൽസലത്തിന്റെ ചെറുമകൻ സണ്ണി വൽസലത്തിന്റെ കീഴിൽ കോറൽ മ്യൂസിക്ക് അഭ്യസിച്ചു. അയ്യപ്പൻ ഭാഗവതർ, സുപ്രസിദ്ധ കർണാടക സംഗീതജ്ഞൻ ചേർത്തല ഗോപാലൻ നായർ, തിരുവനന്തപുരം സംഗീത കോളജ് പ്രിൻസിപ്പൽ വർക്കല ജയറാം എന്നിവരുടെ കീഴിൽ കർണാടക സംഗീത പഠനം. ചെന്നൈയിൽ നടത്തപ്പെടുന്ന തന്പി പോൾ മെമ്മോറിയൽ ക്വയർ മാസ്റ്റേഴ്സ് സെമിനാർ ഉൾപ്പെടെ വിവിധ ക്വയർ ഫെസ്റ്റിവൽ റിസോഴ്സ് പേഴ്സണായിരുന്നു. ലണ്ടൻ റോയൽ സ്കൂൾ സംഗീത പരീക്ഷകളിൽ പിയാനോ, വോക്കൽ ട്രെയിനർ എന്ന നിലയിലും പ്രവർത്തിച്ചു. കേരള സർവ്വകലാശാല യൂത്ത് ഫെസ്റ്റിവലിൽ അനേക തവണ വിൻഡ് വെസ്റ്റേണ്‍ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഇപ്പോൾ ഫിലഡൽഫിയ സെന്റ് മേരീസ് എപ്പിസ്കോപ്പൽ ചർച്ച് പിയാനിസ്റ്റായും ബാൻഡ് ചെറുബിമിന്റെ പരിശീലകനായും പ്രവർത്തിക്കുന്നതോടൊപ്പം വിവിധ കമ്മ്യൂണിറ്റി ഗായകസംഘങ്ങളിലെ അംഗവുമാണ്. സുപ്രസിദ്ധ കണ്വൻഷൻ പ്രസംഗകനും ആത്മീയ ഗാന രചയിതാവുമായ പ്രൊഫ. കോശി തലക്കലിന്റെ മകനാണു റെയ്സ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ബാൻഡ് ചെറുബിം അവതരിപ്പിക്കുന്ന ക്രിസ്തുമസ് മ്യൂസിക്കൽ ഡിസംബർ 17ന്
10:14 PM Dec 13, 2017 | Deepika.com