ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വിദ്യാർഥികൾ ലേബർ ക്യാംപ് സന്ദർശിച്ചു

12:25 PM Dec 10, 2017 | Deepika.com
സാൽമിയ: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (സീനിയ) കുട്ടികൾ ലേബർ ക്യാംപുകൾ സന്ദർശിച്ചു. വലിപ്പം കുറഞ്ഞ മുറികളിൽ കൂട്ടമായി അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ മാസങ്ങളായി ശന്പളംപോലും ലഭിക്കാതെ വലയുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ തങ്ങളുടെ കഷ്ടപ്പാടുകൾ കുട്ടികളുമായി പങ്കുവച്ചു.

അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളിൽനിന്നു ശേഖരിച്ച അരി, ധാന്യങ്ങൾ, പഞ്ചസാര, തേയില, കന്പിളി പുതപ്പുകൾ തുടങ്ങിയ സാധനങ്ങൾ അടങ്ങുന്ന മുന്നൂറോളം കിറ്റുകൾ തൊഴിലാളികൾക്കു വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികളെയും അധ്യാപകരെയും ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (സീനിയർ) പ്രിൻസിപ്പൽ ഡോ. ബിനുമോൻ പ്രശംസിച്ചു.വിവിധ ദേശക്കാരായ തൊഴിലാളികളുടെ അഭ്യർഥന മാനിച്ചു കൂടുതൽ ക്യാംപുകളിൽ സന്ദർശനങ്ങൾ നടത്താനും അവശ്യ സാധനങ്ങൾ എത്തിക്കാനും കുട്ടികൾ തീരുമാനിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ