യുഎഇയുടേത് തുല്യതയില്ലാത്ത വിശാല മനസ്കത: ഇ.ടി. മുഹമ്മദ് ബഷീർ

09:50 PM Dec 09, 2017 | Deepika.com
ദുബായ്: തുല്യതയില്ലാത്ത വിശാല മന്സ്കതയാണ് യുഎഇ യുടെ അദ്ഭുതാവാഹമായ വളർച്ചക്ക് കളമൊരുക്കിയതെന്നും ഭരണാധികാരികളുടെ സഹിഷ്ണുതയും സ്നേഹപൂർവകമായ സഹവർത്തിത്വവുമാണ് അതിന് വിഴികാട്ടിയെതെന്നും ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി അഭിപ്രായപെട്ടു. നാല്പത്താറാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഗർഹൂദ് എൻഐ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ ദുബായ് കെ എംസിസി സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറം നാട്ടുകാരുടെ തോളിൽ കൈയിട്ട് നിർത്താനുള്ള ഇവരുടെ വൈധക്ത്യം ഒന്നു വേറെ തന്നെയാണ്. വിവിധ കാരണങ്ങൾ പറഞ്ഞ് നിരവധി രാഷ്ട്രങ്ങൾ വിദേശികളെ പുറത്താക്കുന്പോൾ ഇവിടെ അവരെ സ്നേഹത്തോടെ സ്വീകരിക്കുന്നു. ദീർഘദൃഷ്ടിയുള്ള രാഷ്ട്ര ശില്പികളുടെ ഈ നയമാണ് പ്രാന്തവൽക്കരിക്കപ്പെട്ട ഒരു സമൂഹം അധിവസിച്ചിരുന്ന ഈ നാടിനെ വികസിത രാജ്യങ്ങൾക്ക് മുന്നിലെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എംപിക്ക് ദുബൈ കഐംസിസി യുടെ പുരസ്കാരം ദുബൈ ഇന്ത്യൻ കോണ്‍സൽ ജനറൽ വിപുൽ നൽകി.

വ്യവസായ രംഗത്തെ പ്രമുഖ അവാർഡുകൾ മുസ്തഫ പാറപ്പുറത്ത് (ഹ്യൂമണ്‍ വെൽഫയർ അവാർഡ്), സഹീർ സ്റ്റോറീസ്(ബിസിനസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ്), നിയാസ് കണ്ണേത്ത്(ബിസിനസ് എക്സലൻസി അവാർഡ് ),റഫീഖ് ടി.എ (ഇന്നവേറ്റീവ് ബിസിനസ് പേഴ്സണാലിറ്റി അവാർഡ്), ഷിയാസ് സുൽത്താൻ (യംഗ് എന്‍റർപ്രണർ അവാർഡ്) എന്നിവർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ