അലബാമ സെനറ്റ് സ്ഥാനാർഥി റോയ് മൂറിന് ട്രംപിന്‍റെ പിന്തുണ

01:12 AM Dec 06, 2017 | Deepika.com
അലബാമ: ലൈംഗിക അപവാദത്തിൽ ഉൾപ്പെട്ടുവെന്നു പറയപ്പെടുന്ന റിപ്പബ്ലിക്കൻ അലബാമ സെനറ്റ് സ്ഥാനാർഥി റോയ് മൂറിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചത്, റോയ് മൂറിന്‍റെ വിജയ പ്രതീക്ഷകൾക്ക് കരുത്തേകി.

റോയ് മൂറിനെതിരെ ആരോപണം ഉയർന്നപ്പോൾ രാജിവയ്ക്കുന്നതാണ് നല്ലതെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു.

കുറ്റ കൃത്യങ്ങൾ തടയുന്നതിന്, അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനും അതിർത്തിയിൽ മതിൽ നിർമിക്കുന്നതിന്, സൈനിക ശക്തി വർധിപ്പിക്കുന്നതിന്, ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുന്നതിനുള്ള അവസരം തുടർന്നും ലഭിക്കുന്നതിനുള്ള നിയമനിർമാണങ്ങൾ നടത്തുന്നതിന് സെനറ്റിൽ റോയ് മൂറിന്‍റെ വോട്ട് അനിവാര്യമാണ്. റോയ് മൂർ തെരഞ്ഞെടുക്കപ്പെടുക തന്നെ വേണമെന്നു ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഡെമോക്രാറ്റുകൾ ഒറ്റകെട്ടായി ടാക്സ് ബില്ലിന് എതിരായി വോട്ട് ചെയ്തത് റോയ് മൂറിന്‍റെ സാന്നിധ്യം സെനറ്റിൽ ഉറപ്പാക്കേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

മൂറിന് 30 വയസുള്ളപ്പോൾ തങ്ങളെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന് അന്ന് 14 ഉം 16 ഉം വയസുള്ള രണ്ട് സ്ത്രീകൾ അടുത്തയിടെ ആരോപണം ഉന്നയിച്ചതോടെയാണ് റോയ് മൂറിന്‍റെ വിജയ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയത്. ട്രംപിന്‍റെ പിന്തുണ ലഭിച്ചതോടെ റോയ് മൂർ അലബാമയിൽ ജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

റിപ്പോർട്ട്: പി.പി. ചെറിയാൻ