ഏകദിന ധ്യാനവും കാൻസർ അവബോധന ക്ലാസും

12:58 AM Dec 06, 2017 | Deepika.com
കുവൈത്ത്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കുവൈറ്റ് ഇടവകയുടെ സേവിനി സമാജത്തിന്‍റെ നേതൃത്വത്തിൽ ഏകദിന ധ്യാനവും കാൻസർ അവബോധന ക്ലാസും നവംബർ 30 ന് NECK ലെ KTMCC ഹാളിൽ നടന്നു.

വികാരി റവ. സജി ഏബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. ഭക്തയായ സ്ത്രീയും അവരുടെ കുടുംബ ജീവിതവും എന്ന വിഷയത്തിൽ ബൈബിളിലെ മൂന്നു സ്ത്രീകളെ ഉദാഹരിച്ചുകൊണ്ടു സിന്ധു സജി ഏബ്രഹാം ആത്മീയ പ്രഭാഷണം നടത്തി. തുടർന്നു കാൻസർ ആദ്യ ഘട്ട തിരിച്ചറിവും മെച്ചപ്പെട്ട പ്രതിവിധിയും എന്ന വിഷയത്തിൽ ഡോ. സുശോവന സുജിത് നായർ ഒരു അവബോധന ക്ലാസ് നൽകി. സദസ്യരുടെ എല്ലാ സംശയങ്ങൾക്കും വ്യക്തമായ മറുപടി നല്കിയതോടൊപ്പം കാൻസർ ഒരിക്കലും ഭയപ്പെടേണ്ടതോ മറച്ചുവക്കേണ്ടതോ ആയ ഒരു രോഗമല്ലന്നും ആരംഭത്തിൽ തന്നെ ചികിത്സ ലഭ്യമായാൽ പൂർണമായും സൗഖ്യം ലഭിക്കുന്നതാണെന്നും ഓർമിപ്പിച്ചു.

സുനിതാ റോയ്, അന്ന ജോർജ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. മിനി സജി ഡാനിയേൽ, ടാനിയ തോമസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സിനു ആശിഷും റീന ബിജു ശാമുവേലും പരിപാടിയുടെ അവതാരകരായിരുന്നു.