ഉദയഭാനുവിന് റിയാദിന്‍റെ യാത്രാമംഗളം

10:39 PM Dec 04, 2017 | Deepika.com
റിയാദ്: സാമൂഹ്യജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി ഉദയഭാനുവിന് റിയാദ് പൊതുസമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി. നവോദയ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ റിയാദിലെ പ്രവാസി സമൂഹം ഒന്നടങ്കം പങ്കെടുത്തത് അദ്ദേഹത്തിനുള്ള അംഗീകാരത്തിന്‍റെ അടയാളപ്പെടുത്തലായി.
ഉദയഭാനുവിന്‍റെ ജീവചരിത്രത്തെ ആസ്പദമാക്കി ഫൈസൽ കൊണ്ടോട്ടി രചനയും സംവിധാനവും നിർവഹിച്ച ഒരു നിഴൽ നാടകത്തിന്‍റെ ദൃശ്യാവിഷ്കാരത്തോടെ ആരംഭിച്ച യോഗം എൻആർകെ കണ്‍വീനർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്‍റ് അൻവാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതം ആശംസിച്ചു.

അറിയപ്പെടുന്ന ചിത്രകാരി റജീന നിയാസ് വരച്ച ഉദയഭാനുവിന്‍റെ ഛായാചിത്രം ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി. നിസാർ അഹമ്മദ് ഉദയഭാനുവിന് ഫലകവും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റും കൈമാറി. പയ്യന്നൂർ സൗഹൃദയ വേദി, നവോദയയുടെ ബത്ത, ഷിഫാ, മലാസ്, മുറൂജ് യൂണിറ്റുകളും ഉപഹാരങ്ങൾ സമ്മാനിച്ചു. നവോദയ കേന്ദ്ര കമ്മിറ്റിയുടെ മൊമെന്േ‍റാ സെക്രട്ടറി രവീന്ദ്രനും സംഘടനയുടെ പാരിതോഷികം പ്രസിഡന്‍റ് അൻവാസും കൈമാറി. ഉദയഭാനുവിനെക്കുറിച്ച് നവോദയ അംഗം സുരേഷ് സോമൻ എഴുതിയ കവിത ചടങ്ങിൽ രാജേഷ് മരിയപ്പൻ ആലപിച്ചു.

മറുപടി പ്രസംഗത്തിൽ റിയാദിലെ പ്രവാസി സമൂഹത്തോടുള്ള നന്ദിയും സ്നേഹവും പങ്കുവച്ച ഉദയഭാനു ഈ മരുഭൂവിൽ നമ്മളോടൊപ്പം ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിത പ്രശ്നങ്ങളെ തിരിച്ചറിയാനും പരസ്പരം സഹായിക്കാനും ഓരോ പ്രവാസിയും തയാറായാൽ ഇവിടെ ഇപ്പോൾ വ്യാപകമാകുന്ന പലിശക്കെണിയും ആത്മഹത്യകളുമൊക്കെ കുറയ്ക്കാൻ കഴിയുമെന്ന് ഓർമിപ്പിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ