ബുഹൈറയിൽ ലുലു ഗ്രൂപ്പ് പുതിയ ശാഖ തുറന്നു

12:07 AM Nov 23, 2017 | Deepika.com
ഷാർജ: ലുലു ഗ്രൂപ്പിന്‍റെ 139–ാമത് ഹൈപ്പർ മാർക്കറ്റ് ഷാർജ ബുഹൈറയിൽ പ്രവർത്തനം ആരംഭിച്ചു. ഷാർജ എക്സിക്യൂട്ടിവ് കൗണ്‍സിൽ അംഗം ഷെയ്ഖ് ഫഹീം ബിൻ സുൽത്താൻ അൽ ഖാസിമി പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഡയറക്ടർ എം.എ. സലിം എന്നിവരും അറബ് പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഹൈപ്പർമാർക്കറ്റിൽ പലവ്യഞ്ജനങ്ങൾ, വസ്ത്രം, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിശാലമായ ശേഖരമാണുള്ളത്. ലുലു എക്സ്ചേഞ്ച്, ലുലു ഫാർമസി, ആലുക്കാസ് ജ്വല്ലറി, ജവഹറ ജ്വല്ലറി, മലബാർ ഗോൾഡ് തുടങ്ങിയവയും മാളിൽ പ്രവർത്തിക്കുന്നു.

ലോക നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യം ജനങ്ങളുടെ അരികിലെത്തിക്കുകയാണ് ലുലു ഗ്രൂപ്പിന്‍റെ ലക്ഷ്യമെന്ന് എം.എ. യൂസഫലി പറഞ്ഞു. യുഎസ്എ, യുകെ, ആഫ്രിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിൽ ലുലു ഗ്രൂപ്പ് പ്രവർത്തിക്കുന്നു.

ഷാർജയിലെ അഞ്ചാമത്തെ ലുലു ഹൈപ്പർമാർക്കറ്റാണ് ബുഹൈറയിലേത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള