ദേ പുട്ട് ദുബായിലും; ദിലീപ് 29 ന് എത്തും

12:04 AM Nov 23, 2017 | Deepika.com
ദുബായ്: മലയാളത്തിന്‍റെ ജനപ്രിയ നടൻ ദിലീപിന്‍റെ ഉടമസ്ഥയിലുള്ള ദേ പുട്ട് റസ്റ്ററന്‍റിന്‍റെ ശാഖ ദുബായിൽ തുറക്കുന്നു. ദുബായിലെ ഇന്ത്യൻ ഭക്ഷണശാലകളുടെ കേന്ദ്രമായ കരാമയിൽ പ്രവർത്തനം തുടങ്ങുന്ന റസ്റ്ററന്‍റിന്‍റെ ഉദ്ഘാടനം നവംബർ 29 ന് (ബുധൻ) നടക്കും.

കോടതി കനിഞ്ഞതോടെ ദുബായിലേയ്ക്ക് വരാനുള്ള നടപടികൾ ദിലീപ് ആരംഭിച്ചു. 28 ന് ദുബായിയിലെത്തുന്ന ദിലീപ് രണ്ടു ദിവസം ഇവിടെ താമസിക്കും.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ നാലു ദിവസത്തേക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ദിലീപിന്‍റെ സുഹൃത്ത് നാദിർഷയും ദുബായിലെ മറ്റു അഞ്ചു ബിസിനസുകാരും ചേർന്നാണ് ദേ പുട്ട് തുടങ്ങുന്നത്. ദിലീപിന്‍റെ അറസ്റ്റോടെ ഉദ്ഘാടനം നീട്ടിവയ്ക്കുകയായിരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള