മാസ് തബൂക്ക് സർഗോത്സവം സംഘടിപ്പിച്ചു

09:07 PM Nov 20, 2017 | Deepika.com
ജിദ്ദ: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസിന്‍റെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് സർഗോത്സവം 2017 സംഘടിപ്പിച്ചു.

മാസ് തബൂക്ക് മുഖ്യ രക്ഷാധികാരി പ്രദീപ് കുമാർ സർഗോത്സവം ഉദ്ഘാടനം ചെയ്തു, സംഘടന മികവുകൊണ്ടും കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ സർഗോത്സവ പരിപാടിയിൽ കുട്ടികൾക്കായി ചിത്രരചനാ, കവിത പാരായണം, പ്രസംഗം എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

ഡോ. ജോർജ് ജോണ്‍ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പഠന ക്ലാസിൽ ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു.

അൽമറായി കന്പനി ലഘുഭക്ഷണം വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനർ റഹീം ഭരതന്നൂർ, മാസ് തബൂക്ക് ജനറൽ സെക്രട്ടറി ഫൈസൽ നിലമേൽ എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് മുഖ്യാതിഥികളായ അൽ മാറായി തബൂക്ക് മാനേജർ സാജൻ നായർ, തബൂക്കിലെ വ്യവസായ പ്രമുഖൻ ഹംസ ചിമ്മിനിക്കര, ഡോ. ആസിഫ് ബാബു, സിസിഡബ്ല്യു ചെയർമാൻ സിറാജ് കാരിവേലി, മാസ് തബൂക്ക് ഭാരവാഹികൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ