മലർവാടി ബാലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

08:48 PM Nov 20, 2017 | Deepika.com
അൽകോബാർ : ന്ധഒരുമിക്കാം ഒത്തുകളിക്കാം’’എന്ന തലകെട്ടിൽ മലർവാടി അൽകോബാർ മേഖല സംഘടിപ്പിക്കുന്ന മലർവാടി ബാലോത്സവം ഡിസംബർ ഒന്നിന് (വെള്ളി) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. കുട്ടികളുടെ നൈസർഗിക കഴിവുകളെ പരിപോഷിപ്പിക്കുന്ന വ്യത്യസ്തങ്ങളായ നാടൻ കളികളാണ് ബാലോത്സവത്തിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളെ കിഡ്സ്, സബ്ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും പത്തോളം മത്സര ഇനങ്ങളാണ് ഉണ്ടാവുക. എല്ലാ കുട്ടികൾക്കും എല്ലാ ഇനത്തിലും പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം തന്നെ അവരിൽ നാടിനെ കുറിച്ചുള്ള ഗൃഹാതുരത്വമുണർത്താനും ഇത്തരം പരിപാടികൾകൊണ്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഗം രൂപീകരിച്ചു. മുജീബ്റഹ്മാൻ (രക്ഷാധികാരി), ബഷീർ (ചെയർമാൻ), നജീബ് അരഞ്ഞിക്കൽ (വൈസ്ചെയര്മാൻ),ആസിഫ് കക്കോടി (പ്രോഗ്രാം കണ്‍വീനർ), അബ്ദുൽ റഹൂഫ്, അലിയാർ, ഫാജിഷ ഇല്യാസ് (അസിസ്റ്റന്‍റ് കണ്‍വീനർമാർ), റിയാസ് കൊച്ചി (മാർക്കറ്റിംഗ്),അബ്ദുൽ ഗഫൂർ മങ്ങാട്ടിൽ (ലൈറ്റ് ആൻഡ് സൗണ്ട് ) ,അബ്ദുൽ ഹമീദ് (നഗരി സജ്ജീകരണം) അനീസ് (മീഡിയ )ഷമീർ വണ്ടുർ (വളണ്ടിയർ ) കോയ ചോലമുഖത്ത് (സാന്പത്തികം) ,മുഹമ്മദ് ഫൈസൽ (സ്റ്റേഷനറി), നവാസ് (പ്രോഗ്രാം) അഷ്റഫ് ആക്കോട് (രജിസ്ട്രേഷൻ), ഹിശാം (പ്രചാരണം), അബ്ദുള്ള (ജഡ്ജിംഗ് കമ്മിറ്റി ), സഫ്വാൻ (മെഡിക്കൽ), നൂറുദ്ദീൻ (ഭക്ഷണം), ത്വാഹാ (ട്രാൻസ്പോർട്ടേഷൻ) എന്നിവരാണ് വിവിധ വകുപ്പുകളുടെ കണ്‍വീനർമാർ. കെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ മലയാളി കുട്ടികൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാനാകും. രജിസ്ട്രേഷനും വിവരങ്ങൾക്കും 0553164362, 0550057199 എന്ന നന്പറിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം