ഹൂസ്റ്റണ്‍: മിഷൻ പ്രവർത്തനങ്ങൾക്കായി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ രൂപീകരിച്ച സെന്റ് തോമസ് മിഷന്റെ നേതൃത്വത്തിൽ സൗജന്യ ഹെൽത്ത് ഫെയർ നടത്തപ്പെടുന്നു. ഡിസംബർ 9ന് ശനിയാഴ്ച രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ദേവാലയ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സൗജന്യ ഹെൽത്ത് ഫെയറിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് സൗജന്യ വൈദ്യപരിശോധനയും നിർദേശങ്ങളും നൽകുന്നതാണ്.
വിദഗ്ദ്ധ ഡോക്ടറുമാരോടൊപ്പം ആരോഗ്യ പരിപാലനരംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഹെൽത്ത് ഫെയറിൽ ഉണ്ടായിരിക്കും. ഇതിൽ രോഗനിർണയം നടത്തിയശേഷം കൂടുതൽ വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ അവരെ ഹൂസ്റ്റണിലെ ഐഡിസി ചാരിറ്റി ക്ലീനിക്കിലേക്ക് നിർദേശിക്കുന്നതായിരിക്കും. ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് ഇത് ഒരു സുവർണാവസരമായിരിക്കുമെന്ന് ഭാരവാഹികൾ മലയാളി പ്രസ് കൗണ്‍സിൽ സെക്രട്ടറി ബ്ലെഡൻ ഹൂസ്റ്റണിനു നൽകിയ അറിയിപ്പിൽ കൂടി സൂചിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പീറ്റർ കെ. തോമസ് 281-300-0020, സാബു നൈനാൻ 832-403-0512, നെൽസണ്‍ ജോണ്‍ 832-520-9251
റിപ്പോർട്ട്: ജീമോൻ റാന്നി
സൗജന്യ ഹെൽത്ത് ഫെയർ ഡിസംബർ 9ന്
08:34 PM Nov 17, 2017 | Deepika.com