പ്രസിഡന്റ് എൽഡോ പോൾ അധ്യക്ഷനായി ചേർന്ന യോഗത്തിൽ പത്മശ്രീ സോമസുന്ദരൻ പ്രധാന അതിഥിയായിരുന്നു. സുപ്രസിദ്ധ ഗായകൻ തഹസീന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗ പരിപാടികളിൽ 2017ലെ അവാർഡുദാന നിർവഹണവും നടത്തുകയുണ്ടായി.
ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു അവലോകനം ജനറൽ സെക്രട്ടറി മനോജ് ജോണ് സദസ്യർക്കും മുന്പിൽ അവതരിപ്പിച്ചപ്പോൾ, സ്റ്റുഡന്റ് അഫയേഴ്സ് ചെയർമാൻ ഷാജി കുര്യാക്കോസ് ഡിസംബർ 3ന് നടക്കുവാൻ പോകുന്ന വെബിനാറിനെക്കുറിച്ചറിയിച്ചു. വാക്കുകൾക്കുപരിയായി പ്രവർത്തനത്തിലാണ് കീൻ ശ്രദ്ധിയ്ക്കുന്നതെന്ന് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ കെ.ജി. ഗ്രിഗറി അഭിപ്രായപ്പെട്ടു. 100 ലധികം കുടുംബങ്ങൾക്ക് തണലേകിക്കൊണ്ട് കീൻ ഇന്ന് കേരളത്തിൽ തലയെടുപ്പോടെ സ്കോളർഷിപ്പ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിയ്ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കീൻ സ്കോളർഷിപ്പിന്റെ മേൽനോട്ടം വഹിയ്ക്കുന്ന മാർട്ടിൻ വർഗ്ഗീസ് അംഗങ്ങളെയും, അഭ്യുദയകാംക്ഷികളെയും കീനിന്റെ മഹത്തായ ഈ സേവനത്തിന്റെ ഭാഗമായി മാറുവാൻ ആഹ്വാനം ചെയ്തു.
എൻജിനീയർ ഓഫ് ദ ഈയറായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ജോസഫിനെ മുൻ പ്രസിഡന്റ് ജയ്സണ് അലക്സ് സദസ്യർക്ക് പരിചയപ്പെടുത്തി. യുഎസ് എനർജി, ഡിഫെൻസ് ഡിപ്പാർട്ടുമെന്റുകളിലും, ഇന്ത്യൻ റിന്യൂവബിൾ എനർജി കണ്സൾട്ടന്റായും സേവനം ചെയ്യുന്ന തോമസിന്റെ നേട്ടങ്ങളും, പ്രവർത്തനങ്ങളും ജയ്സണ് സദസ്യരെ അറിയിച്ചു. പത്മശ്രീ സോമസുന്ദരൻ അവാർഡുദാനം നിർവ്വഹിച്ചപ്പോൾ, സദസ്യർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരാശംസകൾ അർപ്പിച്ച നിമിഷം അതിമനോഹരമായിരുന്നു.
ലിസ്സി ഫിലിപ്പ് റാഫിളിന് നേതൃത്വം നൽകി. തഹസീനെ കൂടാതെ സുമാ നായർ, ശബരി, ജിനു, സോമി, മനോജ് അലക്സ്, റെബേക്ക, മീര ജയിംസ് എന്നിവർ ഗാനങ്ങൾ ആലപിച്ചും, മാലി നായർ ഗ്രൂപ്പും, എലീന ഗ്രൂപ്പും നൃത്തങ്ങൾ ചെയ്തും കുടുംബ സംഗമത്തിനൊരു ആഘോഷപ്പൊലിമ ചാർത്തി. മെറി ജേക്കബിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള സ്റ്റേജു നിയന്ത്രണം മികവുറ്റതായിരുന്നു. വൈസ് പ്രസിഡന്റിന്റെ നന്ദി പ്രകാശനത്തിലൂടെ പരിപാടികൾക്ക് തിരശ്ശീല വീണു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിയ്ക്കുക www.keanusa.org
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം