ന്യൂയോർക്ക്: ന്യൂയോർക്കിലെ ഏക ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയമായ ബ്രോങ്ക്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ 45ാം വാർഷികവും, പരിശുദ്ധ പരുമല തിരുമേനിയുടെ 115ാമത് ഓർമ്മ പെരുന്നാളും ഇടവകയിലെ ആദ്ധ്യാത്മീയ സംഘടനകളുടെ വാർഷികവും നവംബർ 4, 5 തിയതികളിലായി വിവിധ പരിപാടികളോടെ കൊണ്ടാടി. നാലിനു ശനിയാഴ്ച സന്ധ്യാ നമസ്ക്കാരത്തോടനുബന്ധിച്ച് സഭയുടെ പതാക ഉയർത്തി. 5 ഞായറാഴ്ച രാവിലെ 8.45ന് പ്രഭാത നമസ്ക്കാരവും, തുടർന്ന് വിശുദ്ധ കുർബ്ബാനയും അർപ്പിച്ചു. റവ. ഫാ. പോൾ ചെറിയാനായിരുന്നു വിശുദ്ധ കുർബ്ബാന അർപ്പിച്ചതും വചന പ്രഘോഷണം നടത്തിയതും.
നവംബർ അഞ്ചിന് പെരുന്നാൾ ചടങ്ങുകൾക്കു ശേഷം വികാരി ഫാ. എ.കെ. ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചർച്ച് വേൾഡ് സർവ്വീസ് (സിഡബ്ല്യൂഎസ്) ഡയറക്ടർ ആൻ വാൾസ് സന്നിഹിതയായിരുന്നു. ഇടവക സെക്രട്ടറി ജിത്തൻ ജേക്കബ് മാലത്ത് സ്വാഗതമാശംസിക്കുകയും, റവ. ഫാ. പോൾ ചെറിയാൻ ആൻ വാൾസിനെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.
മൂന്ന് ആഴ്ചകൊണ്ട് ഇടവക സമാഹരിച്ച 18,600 ഡോളറും കെ.ടി. ഇടിക്കുളയും സഹധർമ്മിണി മറിയക്കുട്ടി ഇടിക്കുളയും സംഭാവന നൽകിയ തുകയും ചേർത്ത് ഇരുപതിനായിരവും, പള്ളി വക ഒരു ഡോളറും കൂട്ടി 20,001 ഡോളറിന്റെ ചെക്ക് വികാരിയും, പള്ളിയുടെ ഇപ്പോഴത്തെ ട്രസ്റ്റി തോമസ് പൂവപ്പള്ളിയും ചേർന്ന് ആൻ വാൾസിന് കൈമാറി. ഈ വലിയ ദാനത്തിന് വളരെയേറെ സന്തോഷവും നന്ദിയുമുണ്ടെന്ന് ചെക്ക് സ്വീകരിച്ചുകൊണ്ട് ആൻ വാൾസ് വ്യക്തമാക്കി.
ദേവാലയത്തിന്റെ മനോഹാര്യതയും, വിശുദ്ധ ആരാധനയിലെ ആത്മീയ നിറവും തന്നെ വളരെ സന്തോഷിപ്പിച്ചുവെന്ന് പ്രസ്ബിറ്റേറിയൻ സഭാംഗമായ താൻ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ സവിശേഷമായ ആരാധനയിൽ സംബന്ധിച്ചിട്ടുണ്ടെങ്കിലും, ഇത് ഒരു പുതിയ അനുഭവമാണെന്നും ആൻ വാൾസ് പറഞ്ഞു. തുടർന്ന് ഫാ. എ.കെ. ചെറിയാൻ പ്രസിദ്ധീകരിച്ചിട്ടുള്ള അഞ്ച് പുസ്തകങ്ങളിൽ മൂന്നെണ്ണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ആൻ വാൾസിന് നൽകി പ്രകാശനം ചെയ്തു. Bronx Diary (ഇടവകയുടെ ആരംഭം മുതല്‍ 2014 വരെയുള്ള നാല്പതു വര്‍ഷത്തിന്റെ ചരിത്രം), Faith Of Our Fathers - Holy Faith (സഭയുടെ വിശ്വാസത്തിന്റെ പ്രധാന ഘടകങ്ങള്‍), പരിശുദ്ധ പരുമല തിരുമേനിയും സാധു സുന്ദര്‍ സിംഗും (The Sacred Lamps of India) എന്നിവയുടെ പ്രകാശനമാണ് നടന്നത്.
തുടർന്നു ഇടവകയിലെ ആത്മീയ സംഘടനകളുടെ വാർഷികാഘോഷമായിരുന്നു. സണ്‍ഡേ സ്കൂൾ പ്രിൻസിപ്പൽ ജോർജ് സാമുവേൽ വാർഷിക റിപ്പോർട്ട് സമർപ്പിച്ചു. 100ൽപരം വിദ്യാർത്ഥികൾ ഉൾപ്പെട്ടതും പത്തിലധികം അധ്യാപകർ പ്രവർത്തിക്കുന്നതുമായ ഒരു പ്രസ്ഥാനമാണ് ഇതെന്നും, പൊതുപരീക്ഷകളിൽ ഉയർന്ന സ്ഥാനം ലഭിക്കുന്നവരാണ് ഈ കുട്ടികളെന്നും, കുട്ടികളുടെ സഭാസംബന്ധമായ പഠനങ്ങൾക്ക് മാതാപിതാക്കളുടെ ശ്രദ്ധ അത്യധികം ആവശ്യമാണെന്നും പ്രസ്താവിച്ചു. മർത്തമറിയം സമാജത്തിന്റെ റിപ്പോർട്ട് സമാജം സെക്രട്ടറി ലില്ലിക്കുട്ടി മത്തായി അവതരിപ്പിച്ചു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
ബ്രോങ്ക്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ വാർഷികവും പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും ആഘോഷിച്ചു
09:38 PM Nov 15, 2017 | Deepika.com