റിയാദ്: നിർഭയരായി ജീവിക്കാൻ സുധീരം പോരാടുന്ന ഗെയിൽ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ഗെയിൽ വികസനത്തിന്റെ അഗ്നിഗോളം, ഇരകളാവാൻ വിസമ്മതിക്കുക'എന്ന പ്രമേയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മറ്റി ഐക്യദാർഢ്യ സെമിനാർ സംഘടിപ്പിച്ചു.
ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബഷീർ ഈങ്ങാപ്പുഴ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സുരക്ഷയ്ക്കും സ്വത്തിനും വില കൽപിക്കാത്ത ഭരണകൂട ഇടപെടൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേവലം നഷ്ടപരിഹാരത്തിൽ ഒതുക്കാവുന്ന ഒന്നല്ല ജനങ്ങളുടെ ആശങ്ക എന്നത് അധികാരികൾ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കബീർ കിള്ളിമംഗലം വിഷയാവതരണം നടത്തി. ഇരകളെ വിവിധ രീതിയിൽ ചൂഷണം ചെയ്യുകയും, മതിയായ നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുകയും ചെയ്യുന്നത് മാത്രമല്ല പ്രശ്നം. അപകട രഹിതമായി പൈപ്പ് ലൈൻ കൊണ്ടുപോകാനുള്ള നിരവധി മാർഗങ്ങൾ ഉണ്ടെന്നിരിക്കെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെ ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ് ലൈൻ കൊണ്ടുപോകുന്നത് കോർപറേറ്റുകളുടെ ആർത്തിമൂത്ത ലാഭക്കൊതിയാണ്. എന്ത് വിലകൊടുത്തും ഇത്തരം നീക്കങ്ങളെ ജനകീയമായി തടയുക തന്നെവേണം. കേവലം പ്രാദേശികമായൊരു പ്രശ്നം അല്ല ഇതെന്നും മുഴുവൻ മലയാളികളുടേയും പ്രതിഷേധം ഇക്കാര്യത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുരളീധരൻ, (മതേതര കൂട്ടായ്മ ) ഉമ്മർ (ഒഐസിസി), മുസക്കുട്ടി (കഐംസിസി തിരുവന്പാടി) മുനീബ് പാഴുർ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), അഷ്്റഫ് മേച്ചേരി ( മാസ് റിയാദ്), ഷമീർ രണ്ടത്താണി (ഐസിഎഫ്), സലീം മൂസ (പ്രവാസി സാംസ്കാരിക വേദി) സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ഗെയിൽ ഇരകൾക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം
10:46 PM Nov 14, 2017 | Deepika.com