ഫഹാഹീൽ: നവംബർ 17 വെള്ളിയാഴ്ച ഫിലിപ്പൈൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ആർഎസ്സി കുവൈത്ത് 9ാമത് നാഷണൽ സാഹിത്യോത്സവിനുള്ളഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഒക്ടോബർ 1 മുതൽ യൂണിറ്റ് മൽസരങ്ങളോടെ തുടക്കമായ ഈ വർഷത്തെ സാഹിത്യോത്സവിനു നാഷണൽ തല മൽസരത്തോടെ തിരശീലവീഴും. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, സംഘഗാനം വിവിധ ഭാഷാ പ്രസംഗങ്ങൾ,കവിതാ പാരായണം, ഖവാലി, ദഫ്മുട്ട്, ജലഛായം, കഥാ കവിതാ രചനകൾ തുടങ്ങി 67 മൽസരയിനങ്ങളിലായി കുവൈത്തിലെ അഞ്ചു സെൻട്രൽ സാഹിത്യോത്സവുകളിലൂടെ കഴിവു തെളിയിച്ച 300ൽ പരം കലാപ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരക്കാനെത്തുന്നത്.
കല വാണിജ്യവൽക്കരിക്കുകയും വർഗീയവൽക്കരിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരെയുള്ള ധീരമായ ഒരു ഇടപെടലായാണ് ആർഎസ്സി സാഹിത്യോത്സവുകൾ
അറിയപ്പെടുന്നത്. പ്രവാസലോകത്തെ കലാസ്വാദകർക്ക് പൈതൃക കലകളെ നേരിൽ സ്വദിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് പ്രാദേശിക തലങ്ങളിലും നാഷനൽ തലത്തിലും സാഹിത്യോത്സവുകൾക്ക് വേദിയൊരുങ്ങുന്നത്. കഴിഞ്ഞ 8 വർഷമായി ഗൾഫ് തലങ്ങളിൽ
വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെടുന്ന സാംസ്കാരിക ബദൽ അരങ്ങായി സാഹിത്യോത്സവുകൾ മാറിയിട്ടുണ്ട്. വൈകീട്ട് ഏഴിനു നടക്കുന്ന സാഹിത്യോത്സവ് സമാപന സാംസ്കാരിക
സംഗമത്തിൽ സാഹിത്യകാരനും ഈ വർഷത്തെ എഴുത്തഛൻ പുരസ്കാര ജേതാവുമായ സച്ചിദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തും.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് നാഷണൽ സാഹിത്യോത്സവ് വെള്ളിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
10:44 PM Nov 14, 2017 | Deepika.com