മെഡിക്വിസ്: ഗോബ്രാ ഇന്ത്യൻ സ്കൂൾ ജേതാക്കൾ

10:57 PM Oct 23, 2017 | Deepika.com
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്‍റെ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്കറ്റ് സയൻസ് ഫെസ്റ്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുന്പാശേരി ശാഖയുമായി സഹകരിച്ച് മസ്കറ്റിൽ ഇദം പ്രഥമമായി മെഡി ക്വിസ് സംഘടിപ്പിച്ചു.

നൂറോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ ദീക്ഷ ജോഷി, കെ.എസ്. സുരാജ്, വൈഷ്ണവ് സാബു നായർ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ഇതേ സ്കൂളിലെ ആരംഭ് ഷാ, ആര്യൻ ഫിലിപ്പ്, ജെറീന സാറ സക്കറിയ എന്നിവർ രണ്ടാം സ്ഥാനവും ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ പ്രയാഗ് മോഹന്തി, കൃതിവാസ് വിജയ്, ദാൻവി എച്ച്. ഭരദ്വരാജ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റ്, മെഡൽ, ട്രോഫി, കാഷ് അവാർഡ് എന്നിവ സമ്മാനിച്ചു.

ഇന്ത്യൻ സ്കൂൾ ഡാർസയിറ്റിൽ നടന്ന മത്സരങ്ങളിൾ ഐഎംഎ നെടുന്പാശേരി ചാപ്റ്റർ അംഗങ്ങളായ ഡോ. ജെറി ഡിക്കോസ്റ്റ, ഡോ. വിജയ് സിംഹ എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. മസ്കറ്റിൽ നിന്നും ഇന്ത്യൻ, ഫിലിപ്പീൻസ് സ്കൂൾ ഉൾപ്പെടെയുള്ള ഇന്‍റർനാഷണൽ സ്കൂളുകളിൽ നിന്നും വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ മത്സരം കാണാനെത്തി. മികച്ച പ്രകടനമാണ് കുട്ടികൾ നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം