ബാൾട്ടിമോർ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശയും പ്രതിഷ്ഠയും 27, 28 തീയതികളിൽ

10:51 PM Oct 23, 2017 | Deepika.com
ബാൾട്ടിമോർ: പുനർനവീകരിച്ച ബാൾട്ടിമോർ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും ഒക്ടോബർ 27, 28 (വെള്ളി, ശനി) തീയതികളിൽ നടക്കും. നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സക്കറിയ മാർ നിക്കോളോവോസ്, ഡൽഹി ഭദ്രാസനാധിപൻ യൂഹനോൻ മാർ ദിമെത്രിയോസ് എന്നിവരുടെ പ്രധാന കാർമികത്വത്തിലായിരിക്കും തിരുക്കർമങ്ങൾ. ചടങ്ങിൽ ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും സഹോദരി സഭകളിലെ വൈദികരും ജനങ്ങളും സംബന്ധിക്കും.

1999 ൽ ഇടവക മെത്രാപ്പോലീത്ത മാർ ബർണബാസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ വികാരി റവ. ഫാ. കെ.പി. വർഗീസിനെ വികാരിയായി നിയമിച്ചു. അംഗസംഖ്യ കുറവായിരുന്നുവെങ്കിലും ഇടവക ജനങ്ങളുടെ ആത്മാർഥ ശ്രമ ഫലമായി 2001 മുതൽ സ്വന്തമായ ദേവാലയം പണിതു ആരാധന നടത്തി വരികയായിരുന്നു. 2016 ൽ പുതിയ ഭരണസമിതി അധികാരത്തിലെത്തിയത് ദേവാലയം നവീകരിക്കണമെന്നുള്ള ചിരകാല ചിന്തകൾക്ക് ഉൗർജം പകർന്നു. പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇരുനൂറിൽ പരം ജനങ്ങൾക്ക് ആരാധനയിൽ പങ്കെടുക്കാനും ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും ഹാളും മറ്റു എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് പുതിയ ദേവാലയം പൂർത്തിയായിരിക്കുന്നത്.

ഫാ. കെ.പി. വർഗീസിന്‍റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റിയിൽ വർഗീസ് മത്തായി (ട്രസ്റ്റി), റോണി മാത്യൂസ് (സെക്രട്ടറി) തോമസ് ജോർജ്, ബാബു ഇടാത്തിക്കുന്നേൽ, സാറാമ്മ ജോഷ്വാ, സാബു കുര്യൻ, ബോബി ജോണ്‍, ഫിലിപ്പ് ഫിലിപ്പോസ്, അജി മാത്യു, എ.വി. വർഗീസ്, ഡോ. എബ്രഹാം ഈപ്പൻ എന്നിവർ അംഗങ്ങളാണ്. മാത്യു അലോത്തിന്‍റെ നേതൃത്വത്തിൽ എബ്രഹാം ഈപ്പൻ, വർഗീസ് കുര്യൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ദേവാലയ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ദേവാലയത്തിന്‍റെ പ്രതിഷ്ഠാ, കൂദാശ ശുശ്രൂഷകളിൽ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ അഭ്യുദയകാംഷികളെയും പള്ളി കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോർട്ട്: രാജു പള്ളത്ത്